കൂത്തുപറമ്പ്: പൊലീസ് നടത്തിയ പരിശോധനയിൽ മൂന്നംഗ കവർച്ചാ സംഘത്തെ പിടികൂടി.ശങ്കരനെല്ലൂർ സൂര്യാംപൊയിലിലെ എം.നിധീഷ് (35), പാതിരിയാട് പുല്ലമ്പ്രയിലെ കെ.ജോബി, കിണവക്കൽ ആശാരിക്കണ്ടിയിലെ എൻ.ബൈജു എന്നിവരെയാണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ എം.പി. ആസാദും സംഘവും അറസ്റ്റ് ചെയ്തത്.

ഇലട്രോണിക്‌സ് ഉപകരണങ്ങൾ ഉൾപ്പെടെ നിരവധി കവർച്ചാ മുതലുകളാണ് പ്രതികളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഒന്നര വർഷത്തിനിടയിൽ എട്ടോളം വീടുകളിൽ കവർച്ച നടത്തിയ സംഘമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി കൂത്തുപറമ്പ് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ ശങ്കരനെല്ലൂർ സ്വദേശിയായ നിധീഷിൽ നിന്നും കമ്പിപ്പാര ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയതോടെയാണ് കവർച്ചാ കേസിന് തുമ്പുണ്ടായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂട്ടുപ്രതികളായ കെ.ജോബി, എൻ.ബൈജു എന്നിവരെയും അറസ്റ്റ് ചെയ്തത്. വെള്ളപ്പന്തൽ അമ്പലംമുക്കിലെ ശശിധരൻ, മാങ്ങാട്ടിടത്തെ പുതുശ്ശേരി കരുണാകരൻ, ശങ്കരനെല്ലൂരിലെ ജി. സുരേഷ് കുമാർ, പുറക്കളത്തെ ഒറക്കൻബിനു ,വി.എം.ചന്ദ്രൻ എന്നിവരുടെ വീടുകളിൽ നിന്നും കവർച്ച ചെയ്യപ്പെട്ട സാധനങ്ങൾ പ്രതികളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ലാപ്‌ടോപ്പ്, എൽ.ഇ.ഡി.ടി.വി.കൾ, ഇൻവർട്ടർ, സൗണ്ട് സിസ്റ്റം, മിക്‌സി, ഇസ്തിരിപ്പെട്ടി ഉൾപ്പെടെയുള്ള ഇലട്രോണിക്‌സ് ഉപകരണങ്ങളാണ് പ്രതികൾ മോഷ്ടിച്ചവയിലേറെയും. പ്രതികളുടെ വീടുകളിൽ നിന്നും വിൽപ്പന നടത്തിയ സ്ഥലങ്ങളിൽ നിന്നുമാണ് നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. നിരവധി വീടുകളിൽ കവർച്ച നടന്നിരുന്നെങ്കിലും പലരും പൊലീസിൽ പരാതി നൽകിയിരുന്നില്ല. സമീപകാലത്തായി കൂത്തുപറമ്പ് മേഖലയിൽ നടന്ന നിരവധി കവർച്ചാ കേസുകൾക്കാണ് പ്രതികളുടെ അറസ്റ്റോടെ തുമ്പുണ്ടായിട്ടുള്ളത്. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.

(അറസ്റ്റിലായ പ്രതികൾ )