തൃക്കരിപ്പൂർ: ഓവുചാലിൻ്റെ സ്ലാബ് തകർന്ന് ഗട്ടറിൽ വീണ് യുവാവിന് പരിക്കേറ്റു. ബിരിച്ചേരി ഹുദാപ്പള്ളിക്ക് സമീപത്തെ അഫ്‌സസൽ(22)നാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് ഏഴരയോടെ കൂലേരി സ്‌കൂൾ പരിസരത്തെ ഓവുചാലിലാണ് ഇയാൾ വീണത്.തൃക്കരിപ്പൂരിലെ ജ്യൂസ് കട തൊഴിലാളിയായ ഇയാൾ പള്ളിയിൽ നമസ്‌കാരത്തിന് ശേഷം കടയിലേക്ക് പോകുമ്പോഴാണ് അപകടം. തകർന്ന സ്ലാബിൻ്റെയും ഓവുചാലിൻ്റെയും ഇടയിൽപ്പെട്ട് എഴുന്നേൽക്കാൻ കഴിയാതെ ബഹളം വെച്ച ഇയാളെ നാട്ടുകാർ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.കാലിന്റെ എല്ല് തകർന്ന യുവാവിനെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.തൃക്കരിപ്പൂരിലെ ഓവ് ചാലിന്റെ സ്ലാബു തകർന്ന് വാഹനമടക്കം അപകടത്തിൽപ്പെടുന്ന സംഭവം ആവർത്തിക്കുന്നതിനിടയിലാണ് യുവാവ് അഴുക്കുചാലിൽ വീണത്. തങ്കയം മുക്ക്, തൃക്കരിപ്പൂർ നഗരത്തിലെ അഞ്ചോളം സ്ഥലങ്ങളിൽ സ്ലാബ് തകർന്ന അവസ്ഥയാണ്.