തലശ്ശേരി:നഗരസഭയുടെ എരഞ്ഞോളി കണ്ടിക്കലിലുള്ള പ്‌ളാസ്റ്റിക് സംഭരണശാലയിൽ തീപിടുത്തം. ഇന്നലെ ഉച്ചയ്ക്കുണ്ടായ അഗ്‌നിബാധയിൽ റീസൈക്കിളിംഗ് നടത്താനായി ശേഖരിച്ച ക്വിന്റൽ കണക്കിന് പഴയ പ്‌ളാസ്റ്റിക് ഉത്പന്നങ്ങൾ കത്തിനശിച്ചു.
പ്‌ളാസ്റ്റിക് കൂമ്പാരത്തിൽ തീ പടർന്നതോടെ സംഭരണ കേന്ദ്രത്തിനും പുറത്തേക്കും വിഷപ്പുക പടർന്നു.തലശ്ശേരിയിൽ നിന്നും അഗ്‌നിശമനസേന എത്തിയെങ്കിലും തീയണക്കാനായില്ല. ഇതെ തുടർന്ന് കൂത്തുപറമ്പ് , പാനൂർ ഫയര്‍സ്റ്റേഷനുകളിൽ നിന്നും കൂടുതൽ യൂണിറ്റുകളെ എത്തിച്ചു.നാലുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിസരവാസികളും നഗരസഭ ശൂചീകരണ തൊഴിലാളികളും ചേർന്ന് പ്‌ളാസ്റ്റിക് കെട്ടുകൾ പുറത്തേക്ക് മാറ്റിയതിനാൽ തീ കൂടുതൽ വ്യാപിക്കുന്നത് ഒഴിവായി.
ഏതാനും മാസങ്ങളായി പളാസ്റ്റിക് നിർമ്മാണ കമ്പനികൾ തലശ്ശേരിയിൽ നിന്നും റീസൈക്‌ളിംഗ് വസ്തുക്കൾ സ്വീകരിക്കാത്തതിനാൽ സംഭരണശാലയിൽ വൻതോതിൽ പ്‌ളാസ്റ്റിക് കൂട്ടിയിട്ടിരിക്കുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം.