തളിപ്പറമ്പ്: വിദ്യാഭ്യാസ ബന്ദിനിടെ ക്ലാസ് വിടാത്തതിനാൽ തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ കെ എസ് യു പ്രതിഷേധം. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കെ എസ് യു നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഇന്നലെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിച്ചത്. തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ ക്ലാസ് നടക്കുന്നതറിഞ്ഞ് ഉച്ചയോടെ കെ .എസ്. യു പ്രവർത്തകർ സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. എന്നാൽ, സമര ദിനങ്ങളിൽ സ്‌കൂൾ വിടേണ്ടേന്ന തീരുമാനം കൈക്കൊണ്ടിരുന്നതായി സ്‌കൂൾ അധികൃതർ സമരക്കാരെ അറിയിച്ചതിനെതുടർന്ന് കെ എസ് യു പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. സ്‌കൂൾ അധികൃതർ വിവരമറിയിച്ചതനുസരിച്ച് തളിപ്പറമ്പ് എസ്‌ഐ കെ പി ഷൈനിന്റെ നേതൃത്വത്തിൽ പൊലീസെത്തി കെ എസ് യു പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കെ .എസ്. യു ജില്ലാ വൈസ് പ്രസിഡന്റ് സി. ടി. അഭിജിത്ത്, തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ജ്യോതിഷ് ബാലകൃഷ്ണൻ, കെ. അഭിഷേക്, സൂരജ് പരിയാരം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.