നിയമപരമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഹോംഗാർഡ്

ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി നഗരസഭ

തിരിഞ്ഞുനോക്കാതെ പൊലീസ്

നീലേശ്വരം: ഫുട്പാത്ത് കാൽനടയാത്രക്കാർക്കാണെങ്കിലും അതു വാഹനങ്ങൾ കൈയടക്കിയ കാഴ്ചയാണ് രാജാറോഡിൽ.

പോസ്റ്റോഫീസ് മുതൽ സിറ്റി സെന്റർ വരെയാണ് റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രം നടന്നു പോകാൻ സൗകര്യമുള്ളിടത്ത് ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ട് കാൽനടയാത്ര മുടക്കുന്നത്. കനറാ ബാങ്കിന് സമീപം, ബസ് സ്റ്റാൻഡിനു മുൻവശമുള്ള അടച്ചിട്ട കടയുടെ മുൻവശം എന്നിവിടങ്ങളിലാണ് മണിക്കൂറുകളോളം ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത്.
വീതി കുറഞ്ഞ രാജാ റോഡിൽ വാഹനങ്ങൾക്കു തന്നെ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ചെറിയൊരു മഴ വന്നാൽ റോഡിൽ മുഴുവൻ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയുമാണ്. വെള്ളം കെട്ടിനിൽക്കുമ്പോൾ അഴുക്കുവെള്ളം യാത്രക്കാരെ തെറിപ്പിച്ചാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഈ സമയത്ത് നടപ്പാതയിൽ കൂടി നടന്നുപോകാമെന്ന് വെച്ചാൽ അവിടെ വാഹനങ്ങൾ നിർത്തിയിട്ടുമുണ്ടാവും. രാവിലെയും വൈകുന്നേരങ്ങളിലുമാണ് കാൽനടയാത്രക്കാർ ഏറെ കഷ്ടപ്പെടുന്നത്. ഇരുചക്രവാഹനങ്ങൾക്ക് പുറമെ ഓട്ടോറിക്ഷ, കാർ എന്നിവയും നടപ്പാതയോടുചേർന്ന് നിർത്തിയിടുന്നതിനാൽ കാൽനടയാത്രക്കാർ നടന്നുപോകാൻ ഏറെ കഷ്ടപ്പെടുകയാണ്.

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാൻ പൊലീസ് ഈ ഭാഗത്ത് വരുന്നില്ല എന്നാണ് കാൽനടയാത്രക്കാർ പറയുന്നത്.

ഹോം ഗാർഡിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ അവർക്ക് വഴിയിൽ നിർത്തിയിടുന്ന വാഹന ഉടമകളെ നിയമപരമായി ഒന്നുംചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. എന്നാൽ നഗരസഭ അധികൃതരാവട്ടെ ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്.