പയ്യന്നൂർ: കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിൽ തായിനേരി എസ്.എ.ബി.ടി.എം ഹയർസെക്കൻഡറി സ്‌കൂളിൽ ഉണ്ടായ സംഘർഷത്തിൽ മുസ്ലീം ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി ഉൾപ്പടെ ആറു പേർക്ക് പരിക്കേറ്റു. മുസ്ലീംലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറിയും സ്‌കൂൾ പി.ടി.എ ഭാരവാഹിയുമായ ലത്തീഫ് കോച്ചൻ(47), വിദ്യാർഥികളായ തായിനേരിയിലെ മുഹമ്മദ് സുഹൈദ് (17) എന്നിവരെ പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിലും അന്നൂരിലെ അഭിനേഷ്(20), മാത്തിലിലെ ശരൺ(20), കാറമേലിലെ കശ്യപ് (20) എന്നിവരെ പയ്യന്നൂർ സഹകരണാശു്പത്രിയിലും നുദ്‌റത്തിനെ (17) സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. മകളുമായി സ്‌കൂളിലെത്തിയതായിരുന്നു ലത്തീഫ് കോച്ചൻ. പൊട്ടിയ ജനൽ ചില്ലുകൊണ്ടാണ് നുദ്‌റത്തിന് പരിക്കേറ്റത്. തായിനേരി എസ്.എ.ബി.ടി.എ സ്‌കൂളിൽ കെ.എസ്.യു വിദ്യാർഥികൾ പഠിപ്പ് മുടക്കി സമരം നടത്തുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകർക്കൊപ്പം പുറമെ നിന്നെത്തിയ നാൽപതോളം പേരടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് കെ.എസ്.യു നേതൃത്വം ആരോപിച്ചു.പഠിപ്പ് മുടക്ക് സമരത്തിന്റെ പേരിൽ കെ.എസ്.യു ഇല്ലാത്ത തായിനേരി സ്‌കൂളിൽ സമരം നടത്താനുള്ള നീക്കത്തെ ചോദ്യം ചെയ്ത വിദ്യാർത്ഥികളെ എം.എസ്.എഫ് പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ഏരിയ സെക്രട്ടേറിയേറ്റ് പറഞ്ഞു.