കാസർകോട് : ചെട്ടുംകുഴിയിൽ ഓട്ടോ ഡ്രൈവറെയും സുഹൃത്തുക്കളെയും അക്രമിച്ച കേസിൽ കോടതിയിൽ കീഴടങ്ങിയ മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആക്രമിക്കാൻ ഉപയോഗിച്ച ആയുധം വിദ്യാനഗർ പൊലീസ് കണ്ടെടുത്തു. ഓട്ടോ ഡ്രൈവർ ചെട്ടുംകുഴിയിലെ അബ്ദുൽ അസീസ്, അമീർ, ഹൈദർ എന്നിവരെ അക്രമിച്ച കേസിലെ പ്രതികളായ നായന്മാർമൂല ചാലക്കുന്നിലെ പി കെ സാനിബ് (28), മധൂർ പാറക്കട്ട ഹൗസിലെ പി എ സിനാൻ (28), അണങ്കൂർ ടിപ്പു നഗർ കെ എം കൈസർ (29) എന്നിവരാണ് കഴിഞ്ഞ ദിവസം കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്)യിൽ കീഴടങ്ങിയത്. കഴിഞ്ഞ മാസം 25 നു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ നേരത്തെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. വിദ്യാനഗർ സി. ഐ. വി .വി . മനോജ് ആണ് അന്വേഷണം നടത്തുന്നത്