കണ്ണൂർ: കട്ടിലിൽ മൂത്രമൊഴിച്ചതിന് അമ്മയുടെ കാമുകൻ 7 വയസുകാരനെ കാലിൽ തൂക്കിയെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മലയാളികളെ ഏറെ വേദനിപ്പിച്ചതാണ്. എന്നാൽ അതുകൊണ്ടൊന്നും കുട്ടികൾക്കെതിരായ പീഡനങ്ങൾ അടങ്ങുന്നില്ല. ഓരോ ദിവസവും ഒട്ടേറെ ബാലപീഡനങ്ങൾ നടക്കുന്നു. അതുപോലെ ഞെട്ടിക്കുന്നതാണ് പീഡനത്തെ തുടർന്ന് മാനസിക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ കണക്കും.
കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് 2,197 കുട്ടികൾ ബാലപീഡനങ്ങൾക്ക് ഇരയായെന്നാണ് ചൈൽഡ് ലൈനിന്റെ കണക്ക്. ഇതിൽ 684 കുട്ടികൾക്കും ഇതേതുടർന്ന് മാനസികനില താളംതെറ്റി. അതായത് പീഡനങ്ങൾക്കിരയാകുന്ന 31 ശതമാനത്തിലധികം കുട്ടികളും മാനസികമായി തകരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ പുനരധിവാസവും അതുകൊണ്ടുതന്നെ വലിയ വെല്ലുവിളിയായി മാറുകയാണ്. സ്കൂളിൽ പോകാൻ മടിക്കുകയും മറ്റുള്ളവരുടെ മുന്നിൽ നിൽക്കാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്തവരായാണ് ഇവർ മാറുന്നത്.
ബാലപീഡനങ്ങൾ നേരിട്ടവരുടെ കണക്കിൽ ആൺകുട്ടികളാണ് മുന്നിൽ. 1,372പേർ. 825 പെൺകുട്ടികളും ഇരകളാക്കപ്പെട്ടു. അഞ്ച് വയസുപോലും തികയാത്ത 138 ആൺകുട്ടികളും 98 പെൺകുട്ടികളും വീടിനകത്തുതന്നെ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 6-10 വയസിനിടയിൽ 323 ആൺകുട്ടികളും 207 പെൺകുട്ടികളും പീഡനം ഏറ്റുവാങ്ങി. ഏറ്റവുമധികം പീഡനത്തിന് ഇരയായത് 11-15 വയസിന് ഇടയിലുള്ള കുട്ടികളാണ്. 551 ആൺകുട്ടികളും 311 പെൺകുട്ടികളും ഇതിലുൾപ്പെടും. 15 വയസിന് മുകളിൽ പീഡനത്തിന് ഇരകളായത് 360 ആൺകുട്ടികളും 209 പെൺകുട്ടികളും.
പകുതിയിലേറെ കുട്ടികളും ബന്ധുക്കളിൽ നിന്നാണ് അതിക്രമം നേരിടുന്നതെന്നും ചൈൽഡ് ലൈൻ അധികൃതർ പറയുന്നു. 546 കേസുകളിലും അച്ഛന്മാരാണ് വില്ലന്മാർ. 176 കേസുകളിൽ അമ്മമാരും 99 കേസുകളിൽ രണ്ടാനച്ഛന്മാരും കുട്ടികളെ മർദ്ദിച്ചു. രണ്ടാനമ്മമാരിൽ നിന്ന് 51 കുട്ടികൾക്ക് മർദ്ദനമേറ്റു. 60 കേസുകളിൽ മുത്തശ്ശിയും മുത്തച്ഛനുമാണ് അക്രമം നടത്തിയത്. മറ്റു ബന്ധുക്കളിൽ നിന്നായി 199 കുട്ടികളും അക്രമം നേരിട്ടു. 288 കുട്ടികളെ സ്കൂൾ അദ്ധ്യാപകർ പീഡിപ്പിച്ചപ്പോൾ 85 കേസിൽ മദ്രസാ അദ്ധ്യാപകരാണ് പ്രതി പട്ടികയിൽ. 21 കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മറ്റ് ജീവനക്കാരും ഉപദ്രവിച്ചു. 423 കേസിൽ അയൽവാസികളും 87 കേസിൽ ബസ് ജീവനക്കാരും പ്രതികളായിട്ടുണ്ട്.
പട്ടിണിക്കിട്ടു
കത്തിയും ഇരുമ്പും കൊണ്ട് 52 കുട്ടികൾ അക്രമം നേരിട്ടുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കല്ലും മരവും കൊണ്ട് ആക്രമിക്കപ്പെട്ടത് 164 കുട്ടികളാണ്. 33 കുട്ടികളെ പട്ടിണിക്കിട്ടു. 153 കുട്ടികളെ തിളച്ച വെള്ളം ഒഴിച്ചും ഇരുമ്പ് പഴുപ്പിച്ചും പൊള്ളിച്ചു. 973 കേസുകളിൽ പൊലീസിനെ വിവരം അറിയിച്ചപ്പോൾ 513 കേസുകളിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായം ചൈൽഡ്ലൈൻ തേടി. പരിക്കേറ്റ 160 കുട്ടികളെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു.1891 കുട്ടികൾക്ക് കൗൺസിലിംഗ് നൽകി ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. 1577 കേസുകളിൽ മാതാപിതാക്കൾക്ക് ആവശ്യമായ ബോധവത്കരണം നൽകി. 273 കുട്ടികളെ സ്കൂളിൽ തിരികെയെത്തിക്കാനും ചൈൽഡ്ലൈൻ ഇടപെട്ടു. വീടുകളിൽ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയതോടെ 105 കുട്ടികളെ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ സംരക്ഷിക്കുന്നുവെന്നും ചൈൽഡ്ലൈൻ കണക്കുകൾ പറയുന്നു.