കാസർകോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീവണ്ടിക്കു നേരെ ഉണ്ടാകുന്ന കല്ലേറ് തടയുന്നതിനും റെയിൽവെ ട്രാക്കിന് സമീപം തമ്പടിച്ചു സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് അമർച്ച ചെയ്യാനും കാസർകോട് റെയിൽവെ സംരക്ഷണ സേന (ആർ.പി.എഫ്) നടപടി കർശനമാക്കി.

അനാവശ്യമായി റെയിൽപാളത്തിന് സമീപം കൂട്ടം കൂടി നിൽക്കുക, റെയിൽവെ ലൈനുകൾ കേന്ദ്രീകരിച്ചു അസാന്മാർഗിക പ്രവർത്തനങ്ങൾ നടത്തുക, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി റെയിൽവെ പാളങ്ങൾ മാറ്റുക, റെയിൽവെ സ്റ്റേഷനുകളിലെയോ പാളങ്ങളുടെയോ ഒഴിഞ്ഞ സ്ഥലങ്ങളിൽ തമ്പടിച്ചു മദ്യസൽക്കാരം നടത്തുക, തീവണ്ടി വരുമ്പോൾ കല്ല് വലിച്ചെറിയുക തുടങ്ങിയ പ്രവർത്തനങ്ങൾ തടയുന്നതിന് വ്യാപകമായ പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്താനാണ് ആർ.പി.എഫ് തീരുമാനം.

തീവണ്ടിക്ക് നേരെയുള്ള കല്ലേറ് അടുത്തകാലത്തായി ജില്ലയിൽ പെരുകിയിരുന്നു. ഉപ്പള, കുമ്പള, മൊഗ്രാൽ, കാഞ്ഞങ്ങാട്, പള്ളിക്കര, ബേക്കൽ ഭാഗങ്ങളിലാണ് തീവണ്ടികൾക്ക് കല്ലേറുണ്ടാകുന്നത്. ഇത്തരം നടപടികൾക്കെതിരെ ബോധവൽക്കരണം നടത്തുന്ന കാര്യവും ആർ.പി.എഫ് ആലോചിക്കുന്നുണ്ടെന്ന് ആർ പി എഫ് കാസർകോട് ഇൻസ്‌പെക്ടർ പി. വിജയകുമാർ പറഞ്ഞു.