k-surendran
k.surendran

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇനി കേസ് വൈകുന്നതിനും ഉപതിരഞ്ഞെടുപ്പ് നീണ്ടുപോകുന്നതിനും തന്നെ കുറ്റം പറയേണ്ടെന്നാണ് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:

മഞ്ചേശ്വരം തിരഞ്ഞെടുപ്പു കേസിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളിൽ എം.എൽ.എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങൾ അനുഭവിക്കരുതെന്ന സദുദ്ദേശ്യം കരുതി മാത്രമാണ്. ലീഗും സി.പി.എമ്മും റവന്യൂ, പഞ്ചായത്ത്, പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായി കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടും എഴുപതോളം കള്ളവോട്ടുകൾ ഇതിനോടകം തെളിയിക്കാൻ നിയമനടപടിക്കു സാധിച്ചിട്ടുണ്ട്. കേസ് തെളിയുമെന്നുറപ്പായപ്പോൾ കള്ളവോട്ടു ചെയ്ത സാക്ഷികളെ ഒരു കാരണവശാലും ഹാജരാക്കില്ലെന്ന് പ്രതിഭാഗം വാശി പിടിക്കുകയാണുണ്ടായത്. നിയമ നടപടികൾ അവസാനിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്ന സന്ദർഭത്തിൽ ഉപതിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോവുകയെന്ന തികഞ്ഞ ദുരുദ്ദേശ്യത്തോടെ മുസ്ലിംലീഗ് തങ്ങൾക്കു കോടതി ചെലവുകാശു വേണമെന്ന ബാലിശമായ വാദം കോടതിയിൽ ഉന്നയിക്കുകയാണുണ്ടായത്. ദൗർഭാഗ്യകരമായ ഈ നടപടി അംഗീകരിക്കാൻ നിർവാഹമില്ല. കേസ് നീണ്ടുപോകുന്നതിന്റെയും ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന്റെയും ഉത്തരവാദിത്വം ലീഗിനു മാത്രമാണ്.