തലശ്ശേരി: കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷാതടവുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് ബി.ജെ.പി, ആർ.എസ്.എസ്. പ്രവർത്തകരെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടയ്‌ക്കാനും ശിക്ഷിച്ചു. ജീവപര്യന്തം ശിക്ഷാ തടവുകാരനും സി.പി.എം പ്രവർത്തകനുമായ വടകര കല്ലാച്ചി കക്കട്ട് അമ്പലക്കുളങ്ങരയിലെ കെ.പി. രവീന്ദ്രനെ (48) കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി മൂന്നാം അഡിഷണൽ ജില്ലാസെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം.

ഒന്നാം പ്രതി സെൻട്രൽ പൊയിലൂരിലെ ചാലിൽ വീട്ടിൽ എ.സി. പവിത്രൻ (49), തൃശൂർ വാടാനപള്ളിയിലെ കാഞ്ഞിരത്തിങ്കൽ ഫൽഗുനൻ (49), സെൻട്രൽ പൊയിലൂരിലെ കുഞ്ഞിപ്പറമ്പിൽ കെ.പി. രഘു (50), കോഴിക്കോട് അരക്കിണറിലെ ബദ്ര നിവാസിൽ സനൽപ്രസാദ് (45), കൂത്തുപറമ്പ് നരവൂരിലെ കോയപ്പൻ വീട്ടിൽ പി.കെ. ദിനേശൻ (48), മൊകേരി കുനിയിൽ വീട്ടിൽ ശശി എന്ന കൊട്ടക്ക ശശി (49), കൂത്തുപറമ്പ് കൊയബ്രൻ വീട്ടിൽ അനിൽ കുമാർ (47), സെൻട്രൽ പൊയിലൂരിലെ തരശ്ശിയിൽ സുനി (43), കോഴിക്കോട് ബാലുശ്ശേരിയിലെ പി.വി. അശോകൻ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത് .

2004 ഏപ്രിൽ ആറിന് വൈകിട്ട് ഏഴാംബ്ലോക്കിന്റെ മുറ്റത്തുവച്ചാണ് രവീന്ദ്രനെ പ്രതികൾ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. 31 പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇവരിൽ 20 പേർ ജീവപര്യന്തം തടവുകാരും 11 പ്രതികൾ വിചാരണ തടവുകാരുമാണ്. 21 പേരെ കോടതി വെറുതേവിട്ടു. ഒരു പ്രതി ഒളിവിലാണ്.