കണ്ണൂർ: 2018 ആഗസ്റ്റ് 12 മുതൽ 18 വരെ നേരിട്ട പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ ഇതിനോടകം സംസ്ഥാന സർക്കാർ വിതരണം ചെയ്തത് 15 കോടി രൂപ.

സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച 20 എണ്ണമുൾപ്പെടെ 39 വീടുകളുടെ നിർമ്മാണം ജില്ലയിൽ പൂർത്തിയായി.
പ്രളയത്തിൽ 173 വീടുകൾ പൂർണമായും 1422 വീടുകൾ ഭാഗികമായും തകരുകയും കാർഷിക മേഖലയിലുൾപ്പെടെ വലിയ നഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഇവർക്കുള്ള നഷ്ട പരിഹാരമുൾപ്പെടെയാണ് 15 കോടി രൂപ വിതരണം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 11 കോടി രൂപയും സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്ന് നാല് കോടി രൂപയുമാണ് ജില്ലയിൽ വിതരണം ചെയ്തത്.പൂർണമായും തകർന്ന വീടുകളുടെ നിർമ്മാണ പ്രവൃത്തികൾ വിവിധ ഘട്ടങ്ങളിലാണ്. നിർമ്മാണ പുരോഗതി അനുസരിച്ച് ഗഡുക്കളായാണ് ഇവർക്ക് തുക വിതരണം ചെയ്യുന്നത്.

നാശം ശതമാനത്തിൽ എണ്ണം വിതരണം ചെയ്ത തുക

15 815 10000

29 വരെ 394 60000

59 വരെ 121 1,​25000

74വരെ 92 2.50000


സ്ഥലവും വീടും : ആദ്യഗഡു നൽകി

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരിൽ സ്വന്തമായി സ്ഥലം കണ്ടെത്തി വീടുവയ്ക്കാൻ തയ്യാറായ 15 കുടുംബങ്ങൾക്കുള്ള ആദ്യ ഗഡുവും സർക്കാർ വിതരണം ചെയ്തിട്ടുണ്ട്. സ്ഥലം വാങ്ങാനുള്ള തുകയുൾപ്പെടെ 10 ലക്ഷം രൂപയാണ് ഇവർക്ക് നൽകുന്നത്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കിളിയന്തറ പുഴപുറമ്പോക്കിൽ താമസിച്ചിരുന്ന 18 കുടുംബങ്ങളിൽ 15 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി 35 ലക്ഷം രൂപ ചെലവാഴിച്ച് ഇരിട്ടി താലൂക്കിലെ വിളമനയിൽ ഒരേക്കർ ഭൂമി സർക്കാർ വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ യൂണി ലിവർ എന്ന കമ്പനിയാണ് ഇവിടെ 15 കുടുംബങ്ങൾക്കും വീട് വച്ചുനൽകുന്നത്. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. ബാക്കിയുള്ള മൂന്ന് കുടുംബങ്ങൾക്ക് വിവിധ സന്നധ സംഘടനകളുടെ നേതൃത്വത്തിലും വീടൊരുങ്ങുന്നുണ്ട്. വീടുകളിൽ വെള്ളം കയറിയത് മൂലം ദുരിതം നേരിട്ട 292 പേർക്ക് 10,000 രൂപ വീതവും നാശനഷ്ടങ്ങൾ സംഭവിച്ച കർഷകർക്ക് 5.64 കോടി രൂപയും സർക്കാർ വിതരണം ചെയ്തു. ഓണത്തിന് മുമ്പ് എല്ലാവരുടെയും വീട് പണി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ഉജ്ജീവന സഹായപദ്ധതി
ജീവിതോപാധികൾ നഷ്ടപ്പെട്ടവർക്ക് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങൾ, തേനീച്ച കൃഷി, മൃഗ സംരക്ഷണ തുടങ്ങിയ വിവിധ മേഖലകളിലെ ദുരന്ത ബാധിതർക്ക് അവരുടെ ഉപജീവന മാർഗങ്ങൾ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിനായി പ്രഖ്യാപിച്ച ഉജ്ജീവന സഹായ പദ്ധതി പ്രകാരം 14 പേർക്ക് 53.4 ലക്ഷം രൂപ വായ്പ നൽകി. കൂടാതെ 15.85 ലക്ഷം രൂപ സബ്‌സിഡി നൽകാനും ജില്ലാ വ്യവസായ കേന്ദ്രം സർക്കാറിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ജീവനോപാധികൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ച 19 പേർക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ വീതവും പലിശരഹിത വായ്പയും നൽകിയിട്ടുണ്ട്. ദേശസാൽകൃത ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവ വഴി നൽകുന്ന വായ്പയുടെ പലിശ സർക്കാറാണ് വഹിക്കുന്നത്.