മട്ടന്നൂർ:സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുന്ന മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ഉള്ളസ്ഥലവും മുടക്കി നഗരസഭയുടെ ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മാണം. ഷെൽട്ടറിന്റെ നിർമ്മാണം തുടങ്ങുന്നതിന് ഷീറ്റുപയോഗിച്ച് വേലികെട്ടിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. മന്ത്രി ഇ.പി.ജയരാജന്റെ വികസനഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവിട്ടാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കുന്നത്. നിലവിലുള്ളത് പൊളിച്ചുനീക്കിയാണ് പുതിയത് പണിയുന്നത്.പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം പണിയുമ്പോൾ ബസ് സ്റ്റാൻഡിലെ സ്ഥലം വീണ്ടും ചുരുങ്ങും. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും.

ഒരേസമയം പത്ത് ബസുകൾ മാത്രം നിറുത്തിയിടാൻ സൗകര്യമുള്ളപ്പോഴാണ് സ്റ്റാൻഡിൽ കൂടുതൽസ്ഥലം ഉപയോഗിച്ച് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കുന്നത്. നിർമ്മാണത്തിന് വേലികെട്ടിയതോടെ ഇരിക്കൂർ, അഞ്ചരക്കണ്ടി, ശിവപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസുകൾ നിറുത്തിയിടാൻ പ്രയാസപ്പെടുകയാണ്. ബസുകൾ യാത്രക്കാരെ ഇടിച്ച് അപകടമുണ്ടാകുന്നതും ഇവിടെ പതിവാണ്.ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപം വേലികെട്ടിയതോടെ പകുതിയോളം ഓട്ടോറിക്ഷകളും റോഡരികിലാണ് നിറുത്തിയിടുന്നത്. ബസ് സ്റ്റാൻഡിൽ ഇരുഭാഗങ്ങളിലും ബസുകൾ നിറുത്തിയിടുന്നത് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസുകൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഇതിനുപുറമെ സ്റ്റാൻഡിൽ ഇരുചക്രവാഹനങ്ങൾ യഥേഷ്ടം നിറുത്തിയിടുന്നത് കുരുക്ക് ഇരട്ടിയാക്കുന്നു. ബസ് സ്റ്റാൻഡിൽ സ്ഥലസൗകര്യം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് സ്ഥലപരിമിതി രൂക്ഷമാക്കി കാത്തിരിപ്പുകേന്ദ്രം നിർമ്മാണവും തുടങ്ങിയിരിക്കുന്നത്. പുതിയ ബസ് സ്റ്റാൻഡിന് സ്ഥലം കണ്ടെത്താനുള്ള നഗരസഭയുടെ ശ്രമം ഇതുവരെ ഫലം കണ്ടിട്ടുമില്ല.

കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കുന്ന മട്ടന്നൂർ ബസ്‌സ്റ്റാൻഡ്