ഇരിട്ടി: മഴക്കാലമായാൽ ഇരിട്ടി അഗ്‌നിശമന നിലയത്തിൽ ഫോൺവിളികളുടെ ബഹളമാണ്. മലയോര പ്രദേശമായതിനാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള നിരവധി അപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങളാവും ഫോണിന്റെ മറുതലയ്ക്കൽ. മഴവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടുണ്ടാകുന്ന അപകടങ്ങളും കുറവല്ല. എല്ലാ വർഷവും ഇത്തരത്തിൽ ഒന്നിൽ കൂടുതൽ അപകടങ്ങൾ ഇരിട്ടി മേഖലയിലുണ്ടാകും. ഇത്തരം അപകടങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഇന്ന് ഇരിട്ടി ഫയർ സ്റ്റേഷനിലെ അഗ്‌നിശമന സേനാംഗങ്ങൾ
അത്യാധുനിക രീതിയിലുള്ള രണ്ട് സ്‌കൂബാ സെറ്റുകൾ കഴിഞ്ഞ ദിവസമാണ് ഇരിട്ടി ഫയർ സ്റ്റേഷന് ലഭിച്ചത്. ഇവ ഉപയോഗിക്കുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ് ഉദ്യോഗസ്ഥരിപ്പോൾ. ആഴക്കൂടുതലും ഒഴുക്കുമുള്ള പുഴകളാണ് മലയോരത്ത്. അതുകൊണ്ട് തന്നെ അപകടത്തിൽപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുമ്പോൾ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവരുന്നത്. ഇത് മറികടക്കാനാണ് സംസ്ഥാന സർക്കാർ ഇരിട്ടി അഗ്‌നിശമന സേനയ്ക്കായി രണ്ട് സ്‌കൂബ സെറ്റുകൾ നൽകിയത്. ജലാശയങ്ങളുടെ അടിത്തട്ടിൽ എത്തി അപകടത്തിൽപ്പെട്ടവരെ കണ്ടെത്താനും 40 മിനുട്ടുവരെ വെള്ളത്തിനടിയിൽ കഴിയുവാനും ഈ ഉപകരണത്തിന്റെ സഹായത്തോടെ സാധിക്കും.
എറണാകുളം വൈപ്പിനിൽ നടന്ന സംസ്ഥാനതല പരിശീലനത്തിൽ പങ്കെടുത്ത ഫർമാൻ എ. സജിൻ, ഫയർമാൻ ഡ്രൈവർ എൻ ജി അശോകൻ, ലീഡിംഗ് ഫയർമാൻ ഫിലിപ്പ് മാത്യു എന്നീ ഉദ്യോഗസ്ഥരാണ് ഇരിട്ടി അഗ്‌നി രക്ഷാനിലയത്തിലെ മറ്റ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത്. ഇരിട്ടി നിലയത്തിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം ലഭിച്ച് കഴിഞ്ഞാലുടൻ മട്ടന്നൂരിലെയും പേരാവൂരിലെയും ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇരിട്ടി നിലയം ഓഫീസർ സി പി രാജേഷിന്റെ നേതൃത്വത്തിലാണ് ബാവലിപ്പുഴയുടെ ഭാഗമായ പയഞ്ചേരി ജബ്ബാർ കടവിൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടക്കുന്നത്.