സംസ്ഥാനത്തെ ശരാശരി ഭൂഗർഭ ജലഉപഭോഗം 51.27 ശതമാനം
ജില്ലയിലിത് 79.64 ശതമാന
കാസർകോട്: ഭൂഗർഭജല വിതാനം വളരെ കുറഞ്ഞതിനെ തുടർന്ന് പ്രതിസന്ധിയിലായ ജില്ലയുടെ സ്ഥിതിഗതികൾ കേന്ദ്ര ജലശക്തി അഭിയാൻ പദ്ധതിയിൽ ജില്ലയുടെ ചുമതലയുള്ള അശോക് കുമാർ സിംഗ് വിലയിരുത്തി. കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ നടന്ന പ്രത്യേക യോഗത്തിൽ വിവിധ വകുപ്പു മേധാവികളോടും ഉദ്യോഗസ്ഥരോടും അദ്ദേഹം സംവദിച്ചു.
ജലവിനിമയം, ജലസംരക്ഷണ പ്രവർത്തനങ്ങൾ, പ്രതിസന്ധികൾ, പരിഹാര മാർഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിവിധ വകുപ്പ് മേധാവികൾ റിപ്പോർട്ട് അവതരിപ്പിച്ചു. അശാസ്ത്രീയമായ ജലസേചന രീതികൾ ജലചൂഷണം വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ശരാശരി ഭൂഗർഭ ജലഉപഭോഗം 51.27 ശതമാനമാണെന്നിരിക്കേ അനിയന്ത്രിതമായ കുഴൽക്കിണറുകൾ കാരണം ജില്ലയിലിത് 79.64 ശതമാനമാണ്.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഹരിത കേരളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മിഷൻ കോഡിനേറ്റർ വിശദീകരിച്ചു. ലാറ്ററൈറ്റ് ഭൂമിയിൽ മഴവെള്ളം ഇറക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ബാംബൂ ക്യാപിറ്റൽ പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുഴൽ കിണറുകളിലൂടെ വെള്ളം റീച്ചാർജ് ചെയ്യുന്നത് ഭൂഗർഭ ജലത്തെ മലിനമാക്കുമെന്ന് ജല അതോറിറ്റി പ്രതിനിധി പറഞ്ഞു. ഭൂഗർഭജലവിതാനം ഉയർത്തുന്നതിനായി പ്രകൃതിപരമായ രീതികൾക്കൊപ്പം തന്നെ കൃത്രിമ രീതികളും അവലംഭിക്കണമെന്ന് ഭൂഗർഭ ജലവകുപ്പ് പ്രതിനിധി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തെ പ്രതിരോധിക്കാനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ ജില്ലയിൽ നടപ്പിലാക്കിയ ജലസംരക്ഷണ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
ജലസുരക്ഷയ്ക്ക് കൂട്ടായ ശ്രമം വേണമെന്ന്
അശോക് കുമാർ സിംഗ്
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജില്ലയുടെ നില വളരെ പരിതാപകരമാണെന്നും ജലസുരക്ഷയ്ക്ക് കൂട്ടായ ശ്രമം വേണമെന്നും കേന്ദ്ര ജലശക്തി അഭിയാൻ പ്രതിനിധിയും പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായ അശോക് കുമാർ സിംഗ് പറഞ്ഞു. വ്യക്തിതലത്തിൽ വെള്ളം ലഭിക്കാത്തതിന്റെ പ്രശ്‌നം വ്യക്തമായി അറിയാമെങ്കിലും ഒരു സമൂഹമെന്ന നിലയിൽ ഈ പ്രശ്‌നത്തെ കൂട്ടായ പരിശ്രമങ്ങളിലൂടെ നേരിടാൻ പൊതുജനം മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
12 നദികളുള്ള ജില്ലയിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നല്ല സാധ്യതകളുണ്ട്
ജില്ലാ നോഡൽ ഓഫീസർ വി.എം അശോക് കുമാർ
ജില്ലയിലെ വയലുകൾ അടക്കാ തോട്ടങ്ങളായി മാറുന്നത് സ്വാഭാവികമായ വാട്ടർ റീചാർജിംഗിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട് സി.പി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സി. തമ്പാൻ.
കേന്ദ്ര സർക്കാർ നിയോഗിച്ച സെക്രട്ടറിതല ഉദ്യോഗസ്ഥൻ അശോക് കുമാർ സിംഗിന്റെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റിൽ ജലജാഗ്രതാ യോഗം.