തിരുവനന്തപുരം/കണ്ണൂർ: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ പാർത്ഥാ കൺവെൻഷൻ സെന്ററിന് ഉടൻ പ്രവർത്തനാനുമതി നൽകാൻ തദ്ദേശ ഭരണവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആന്തൂർ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ചീഫ് ടൗൺ പ്ലാനർ ചൂണ്ടിക്കാട്ടിയ നിയമലംഘനങ്ങൾ പരിഹരിക്കുന്ന മുറയ്ക്ക് അനുമതി നൽകണമെന്ന് ഉത്തരവിൽ പറയുന്നു.
നിയമലംഘനങ്ങളിൽ ഒരെണ്ണം ഒഴിച്ച് പരിഹരിച്ചതായി കൺവെൻഷൻ സെന്റർ അധികൃതർ നഗരസഭാ സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതുപ്രകാരം സെക്രട്ടറി നൽകിയ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഈ ആഴ്ച തന്നെ കൺവെൻഷൻ സെന്ററിന് അനുമതി കിട്ടിയേക്കും.
തുറസായ സ്ഥലത്ത് സ്റ്റീൽ തൂണുകളിൽ സ്ഥാപിച്ച വാട്ടർ ടാങ്ക് മാറ്റി സ്ഥാപിക്കാൻ സ്ഥലമില്ലെന്നാണ് കൺവെൻഷൻ സെന്റർ അധികൃതർ നഗരസഭയെ അറിയിച്ചതെന്ന് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അതിനുവേണ്ടി ഇനി വാശി പിടിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ഇതോടെയാണ് അനുമതി നൽകാൻ നിർദ്ദേശം നൽകിയത്.
തുറസായ സ്ഥലത്തെ ഇൻസിനറേറ്റർ, ഭിന്നശേഷിക്കാർക്കുള്ള റാമ്പിന്റെ ചരിവ്, ശൗചാലയങ്ങളുടെയും വാഷ് ബേസിനുകളുടെയും എണ്ണക്കുറവ് തുടങ്ങിയ പോരായ്മകൾ കൺവെൻഷൻ സെന്ററിൽ പരിഹരിച്ചിട്ടുണ്ട്.
അനുമതി നൽകിയ ശേഷം സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുള്ള സെക്രട്ടറി ഗിരീഷ്, അസി. എൻജിനിയർ കലേഷ്, ഗ്രേഡ് വൺ ഓവർസിയർമാരായ അഗസ്റ്റിൻ, ബി. സുധീർ എന്നിവരെ തിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സംഭവത്തിലെ ഭരണപരമായ വീഴ്ചകളെ കുറിച്ച് അന്വേഷിച്ച ഉത്തരമേഖലാ നഗരകാര്യ ജോയിന്റ് ഡയറക്ടർ കഴിഞ്ഞ ആഴ്ച സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തു.
നാളെ സി.പി.എം യോഗം
ആന്തൂർ വിഷയം ചർച്ച ചെയ്യുന്നതിനായി നാളെ സി.പി.എം ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്ക് ക്ളീൻ ചീറ്റ് നൽകുമെന്നാണ് അറിയുന്നത്.