plain

കാസർകോട്: മംഗ‌ളൂരു വിമാന ദുരന്തത്തിൽ മകനെ നഷ്ടപ്പെട്ട പിതാവ്, അന്താരാഷ്ട്ര കരാർ അനുസരിച്ചുള്ള നഷ്ടപരിഹാരത്തിനായി ഒമ്പത് വർഷത്തിലേറെയായി കോടതി കയറുകയാണ്. കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ സലാമാണ് ഉന്നത നീതിപീഠത്തിൽ വിശ്വാസമർപ്പിച്ച് നിയമ പോരാട്ട വഴിയിലൂടെ നീങ്ങുന്നത്. ഇദ്ദേഹത്തിന്റെ മകൻ റാഫി അടക്കം 159 യാത്രക്കാരാണ് 2010 മേയ് 22ന് പുലർച്ചെ ബജ്‌​പെ വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.

വിമാനദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ എയർഇന്ത്യ ചുമതലപ്പെടുത്തിയിരുന്ന കമ്പനി നഷ്ടപരിഹാരം കുറച്ച് നൽകിയപ്പോഴാണ് മംഗ​ളൂരു എയർക്രാഷ് വിക്ടിം ഫാമിലി അസോസിയേഷൻ നേതൃത്വത്തിൽ നിയമപോരാട്ടം തുടങ്ങിയത്.

കേരള ഹൈക്കോടതി ഇവർക്ക് നഷ്ടപരിഹാരം അന്താരാഷ്ട്ര ഉടമ്പടിയുടെ അടിസ്ഥാനത്തിൽ നൽകണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ എയർഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് അബ്ദുസലാം അർഹമായ നഷ്ടപരിഹാരത്തിനായി കോടതി കയറി ഇറങ്ങുന്നത്. മധ്യപ്രദേശ് സ്വദേശിയായ അഡ്വ. അനിൽമിശ്രയാണ് ഇദ്ദേഹത്തിനുവേണ്ടി ഹാജരാകുന്നത്. നേരത്തെ കർണ്ണാടക സ്വദേശിയായ സഞ്ജയ് ഹെഗ്‌​ഡെയായിരുന്നു ഹാജരായിരുന്നത്. ഈ മാസം ഒടുവിൽ ഈ കേസിൽ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അബ്ദുസലാം പറയുന്നു. സുപ്രീംകോടതിയുടെ രണ്ടാം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കരാർ പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതർക്ക് 75 ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് അപകടം നടന്ന കാലഘട്ടത്തിൽ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽപട്ടേൽ പറഞ്ഞിരുന്നു. എന്നാൽ പലർക്കും 30 മുതൽ 45 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരം നൽകിയത്. വിദേശത്ത് മരിച്ചവർക്ക് ലഭിച്ചിരുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് എയർഇന്ത്യ നഷ്ടപരിഹാരം കണക്കാക്കിയത്. എന്നാൽ ഉന്നത ജോലികളിലുള്ളവർക്ക് കൂടുതൽ ധനസഹായവും താഴെക്കിടയിൽ ജോലി ചെയ്യുന്നവർക്ക് അതിനനുസരിച്ചുള്ള നഷ്ടപരിഹാരവും നൽകി ദുരന്തത്തിൽ മരിച്ചവരോട് വിവേചനം കാട്ടിയ എയർഇന്ത്യയുടെ നടപടി പരക്കെ വിമർശനത്തിനിടയാക്കിയിരുന്നു. മരിച്ചവരുടെ ആശ്രിതർക്ക് ജോലി നൽകാമെന്ന എയർ ഇന്ത്യയുടെ വാഗ്ദാനവും ഇതുവരെ നടപ്പിലാക്കാൻ തയ്യാറായിട്ടില്ലെന്നും സലാമും മരിച്ചവരുടെ ബന്ധുക്കളും പറയുന്നു.