ഉദിനൂർ: ക്രിമിനൽ കേസ് പിൻവലിക്കാൻ യു.ഡി.എഫ് നേതാക്കൾ വീട്ടിൽ വന്നു സമ്മർദ്ദം ചെലുത്തി വെള്ളക്കടലാസിൽ ഒപ്പിട്ടു വാങ്ങിയതായി ആരോപിച്ചു മഹിളാ കോൺഗ്രസ് നേതാവ് രംഗത്തുവന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി. കെ സുബൈദയാണ് മുസ്ലീം ലീഗ്, കോൺഗ്രസ് നേതാക്കൾക്കെതിരെ പരസ്യമായി രംഗത്തുവന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കുന്നതിനാണ് യു.ഡി.എഫ് നേതാക്കൾ ഈ നാടകം കാണിച്ചതെന്നും ഒരു കാരണവശാലും ക്രിമിനൽ കേസ് പിൻവലിക്കില്ലെന്നും സുബൈദ തുറന്നു പറയുന്നു.
2016 ൽ പടന്നയിലെ ഷെഫീഖും ഉമ്മയും ഇളയുമ്മയും എത്തി തന്റെ വീട് ആക്രമിക്കുകയും അതിക്രമിച്ചു കയറി മകളെയും വീട്ടിലുള്ളവരെയും ആക്രമിക്കുകയും ചെയ്ത കേസ് ഇപ്പോൾ കോടതിയിൽ നടന്നു വരികയാണ്. അത് പിൻവലിക്കാൻ സാധിക്കില്ല. എന്നാൽ കേസ് രാജിയായെന്നും സ്റ്റാമ്പ് പേപ്പറിൽ സുബൈദ ഒപ്പിട്ടു തന്നുവെന്ന് യു.ഡി.എഫ് നേതാക്കൾ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നും സുബൈദ പറയുന്നു. താൻ ഒരു മുദ്രപത്രത്തിലും ഒപ്പിട്ടു കൊടുത്തിട്ടില്ല. വെള്ളക്കടലാസിൽ ഇട്ടുകൊടുത്തത് തന്റെ ഒപ്പല്ലെന്നും ഒന്നുവരച്ചത് മാത്രമാണെന്നും അവർ പറയുന്നു. അക്രമം നടത്തിയ ഷെഫീഖ് എന്റെ വീട്ടിൽ വന്നു മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കണോ എന്ന് ആലോചിക്കാം എന്നാണ് സുബൈദയുടെ നിലപാട്.