കണ്ണൂർ: ഗാന്ധിജയന്തിയുടെ നൂറ്റമ്പതാം വാർഷികം പ്രമാണിച്ച് മോചിപ്പിക്കുന്ന 37 തടവുകാരിൽ ആറു പേരെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കാൻ അനുമതി നൽകി. നാല് പേർ കണ്ണൂർ സെൻട്രൽ ജയിലിലുള്ളവർ. മറ്റുള്ളവർ പൂജപ്പുര സെൻട്രൽ ജയിലിലുള്ളവരാണ്.. രാഷ്ട്രീയ അക്രമകേസിൽ ശിക്ഷിക്കപ്പെട്ടവരാരും പട്ടികയിലില്ല. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഉത്തരവ് ഇന്നലെ കണ്ണൂർ ജയിൽ സൂപ്രണ്ടിന് ലഭിച്ചു. അടുത്ത ദിവസം തന്നെ ഇവരെ മോചിപ്പിക്കുമെന്നും ജയിൽ സൂപ്രണ്ട് ടി.. ബാബുരാജൻ പറഞ്ഞു..

കണ്ണൂർ സെൻട്രൽ ജയിലിലെ രാജുപോൾ, സുരേന്ദ്രൻ, കണ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് മോചനം. മൂന്നു ഘട്ടമായാണ് തടവുകാരെ മോചിപ്പിക്കുന്നത്..

തടവുകാരെ വിട്ടയക്കാനായി സർക്കാർ സമർപ്പിച്ച പട്ടിക ഗവർണർ നേരത്തെ മടക്കിയിരുന്നു. നിയമവകുപ്പ് സെക്രട്ടറി ഒപ്പിടാത്തതിലെ സാങ്കേതിക പ്രശ്നങ്ങളും ഗവർണറുടെ ഓഫീസ് ചൂണ്ടിക്കാട്ടിയിരുന്നു..ഓരോ തടവുകാരുടെയും വിശദവിവരം ചോദിച്ചാണ് ഗവർണർ ഫയൽ മടക്കിയിരുന്നത്. ഈ പട്ടികയിലുള്ളവർക്ക് സാങ്കേതിക നടപടികൾ പൂർത്തിയാക്കി മോചനം അനുവദിക്കുകയായിരുന്നു.

1266 പേരുടെ പട്ടികയാണ് ശിക്ഷാ ഇളവിനായി സംസ്ഥാന ജയിൽ ഉപദേശക സമിതി ശുപാർശ ചെയ്തത്.. ഇതിൽ 37 പേരുടെ പട്ടിക മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.. ഒരു മാസം ഒന്നര വർഷം വരെ ശിക്ഷാ കാലയളവിൽ ഇളവ് നൽകിയാണ് ആറു പേരെ വിട്ടയക്കുന്നത്..

നല്ല നടപ്പുകാരായ തടവുകാർക്ക് മൂന്നു ഘട്ടങ്ങളിലായി പ്രത്യേക ശിക്ഷാ ഇളവ് നൽകി വിട്ടയക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മോചനം സംബന്ധിച്ച ഫയൽ മന്ത്രിസഭാ യോഗം പരിഗണിച്ചത്.