കാസർകോട്: ജലശക്തി അഭിയാൻ പദ്ധതി പ്രകാരം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയ കേന്ദ്രപ്രതിനിധി അശോക് കുമാർ സിംഗ് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി സംവദിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ യോഗത്തിൽ ജില്ലയിലെ ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ അധ്യക്ഷന്മാർ, പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
രാജ്യത്ത് രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്ന 255 ജില്ലകളിലൊന്നാണ് കാസർകോടെന്നും പ്രതിസന്ധി മറികടക്കാൻ ആവശ്യമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള സാധ്യതകൾ അടിയന്തരമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന ഉദ്യോഗസ്ഥതല ചർച്ചയിൽ നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ പ്രകാരം, ജില്ലയിലെ ജലസ്രോതസുകളെയും മഴവെള്ളത്തെയും സംഭരിച്ചു ജലസംരക്ഷണം നടത്തുകയും കൃഷിയാവശ്യത്തിനായുള്ള അശാസ്ത്രീയവും അനിയന്ത്രിതവുമായ ജലചൂഷണം തടയുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജലവിനിമയത്തിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തി ജില്ലയിൽ സമഗ്രമായ ജലനയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രപ്രതിനിധിയെ ജനപ്രതിനിധികൾ ബോധ്യപ്പെടുത്തി. ജില്ലയിലെ നദികളിൽ ശാസ്ത്രീയമായ സ്ഥിരം തടയണകൾ നിർമ്മിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. വനമേഖലകളിലെ കുളങ്ങളും തോടുകളും ജലസ്രോതസുകളും സംരക്ഷിക്കുന്നതിനു നിയമ തടസങ്ങളുള്ളതിനാൽ അധികൃതർ വിഷയത്തിൽ ഇടപെടണമെന്നു ചർച്ചയിൽ ആവശ്യമുയർന്നു.
യോഗത്തിൽ ജലശക്തി അഭിയാൻ ജില്ലാ നോഡൽ ഓഫീസറായ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ വി.എം അശോക് കുമാർ, എഡിഎം ഇൻചാർജ് പി.ആർ രാധിക, കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി രാജ്‌മോഹൻ, ഹുസൂർ ശിരസ്തദാർ കെ.നാരായണൻ, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ (ജനറൽ) ബെവിൻ ജോൺ വർഗീസ് എന്നിവർ സംബന്ധിച്ചു.

തുടർന്ന് അശോക് കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ചെമ്മനാട്, ബദിയടുക്ക, പൈവളിഗെ ഗ്രാമപഞ്ചായത്തുകൾ സന്ദർശിച്ചു. ഈ പ്രദേശങ്ങളിലെ ജലലഭ്യതയിലുള്ള പ്രശ്‌നങ്ങളും ജലസംരക്ഷണ പ്രവർത്തനങ്ങളും വിലയിരുത്തി.