പച്ചത്തേങ്ങവില

നിലവിൽ 25.50

രണ്ടുമാസം മുന്നെ 44

കാഞ്ഞങ്ങാട്: തേങ്ങ വില ഇടിഞ്ഞതിനെത്തുടന്ന് നാളികേര കർഷകർ കണ്ണീരിൽ. കിലോയ്ക്ക് ഇരുപത്തിയഞ്ചര രൂപയാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 44 രൂപ വരെ കിട്ടിയ സ്ഥാനത്താണിത്.

26 രൂപയ്ക്ക് കൃഷി ഭവൻ മഖേന സർക്കാർ പച്ചത്തേങ്ങ സംഭരിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സംഭരണം ആരംഭിച്ചിട്ടില്ല.
വില ഉയരുമെന്ന് പ്രതീക്ഷിച്ച് തേങ്ങ പറിച്ച കർഷകർ, പറമ്പിൽ കൂട്ടിയിട്ട തേങ്ങ മുളച്ചുനശിക്കുന്നത് നോക്കി നെടുവീർപ്പിടുകയാണ്.
തെങ്ങുകയറ്റക്കാർക്ക് തെങ്ങൊന്നിന് 40 രൂപ കൂലി കൊടുക്കണം. തേങ്ങ പൊതിക്കുന്നവർ ഒരു തേങ്ങയ്ക്ക് ഒരു രൂപ വരെ വാങ്ങുന്നു. ഈ സ്ഥിതിയിൽ തേങ്ങയ്ക്ക് ഇരുപത്തിയഞ്ചര രൂപ ലഭിച്ചാൽ കർഷകരുടെ നിലനില്പുതന്നെ പ്രതിസന്ധിയിലാകും.
തേങ്ങയ്ക്ക് വിലയില്ലാത്തതിനാൽ പല കർഷകരും തെങ്ങുകൾക്ക് വളമിടാൻ വഴികാണാതെ വിഷമിക്കുന്ന സ്ഥിതിയുമുണ്ട്. അതിനിടെ നാട്ടിൽ തേങ്ങയുടെ ഉത്പാദനത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്‌.