ചെറുവത്തൂർ: പതിവിന് വ്യത്യസ്തമായി ഇത്തവണ തിരുവോണ നാളിൽ തേജസ്വിനിയിൽ ജലോത്സവം സംഘടിപ്പിക്കും. ജലകേളിയിൽ വമ്പന്മാരായ ന്യൂ ബ്രദേർസ് മയ്യിച്ചയുടെ നേതൃത്വത്തിലാണ് വള്ളംകളി നടക്കുക.

ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ജനകീയ സമിതിയുടെയും ആഭിമുഖ്യത്തിൽ കാര്യങ്കോട് പുഴയിൽ തിരുവോണ നാളിൽ നടന്നു വന്നിരുന്ന ഉത്തര മലബാർ ജലോത്സവം അടുത്ത കാലത്തായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനാണ് സംഘടിപ്പിക്കുന്നത്. എന്നാൽ ഇത്തവണ ഇതിന് മുന്നോടിയായി ന്യൂ ബ്രദേർസ് മയ്യിച്ച ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഓണനാളിൽ ജലമാമാങ്കം അരങ്ങേറുക.

ക്ലബ്ബിന്റ മുപ്പത്തിമൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ജലോത്സവം. 50033 രൂപ ക്യാഷ് പ്രൈസും ഉപഹാരവുമടങ്ങുന്നതാണ് ഒന്നാം സമ്മാനം. 25 ആൾ തുഴയുന്ന ചുരുളൻ വള്ളത്തിന്റെ മത്സരമാണ് അരങ്ങേറുക. രണ്ടാം സ്ഥാനക്കാർക്ക് 30033 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 20033 രൂപയും സമ്മാനമായി ലഭിക്കും. പങ്കെടുക്കുന്ന ടീമുകൾക്കെല്ലാം പ്രോത്സാഹനമായി 12000 രൂപ നൽകും. പതിനാറോളം ടീമുകൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി ബന്ധപ്പെട്ടവർ പറഞ്ഞു.

തിരുവോണ നാളിൽ വൈകിട്ട് മൂന്നു മണിയോടെയാണ് മത്സരങ്ങൾ ആരംഭിക്കുക. മന്ത്രിമാരടക്കമുള്ള പ്രമുഖർ ഉദ്ഘാടന - സമാപന ചടങ്ങിൽ പങ്കെടുക്കും.

ജലോത്സവത്തിനൊരുങ്ങുന്ന തേജസ്വിനി.