മട്ടന്നൂർ: കൂത്തുപറമ്പ് റോഡിൽ മെരുവമ്പായിൽ കൂട്ടിയിടിച്ച ടിപ്പർ ലോറിയും ബൊലേറോ ജീപ്പും പൂർണമായും കത്തിനശിച്ചു.ബൊലേറോ ജീപ്പിലുണ്ടായിരുന്ന പൊയിലൂരിലെ നടുക്കണ്ടി മുഹമ്മദ് (37),മകൻ ഖലീൽ (5) എന്നിവരെ പരിക്കുകളോടെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു.
ഇന്നലെ രാവിലെ ആറുമണിയോടെയാണ് പൊയിലൂരിൽ നിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന മുഹമ്മദ് ഓടിച്ച ബൊലീറോ ജീപ്പിൽ കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി ഇടിച്ചത്. തീപടർന്നുതുടങ്ങിയ ജീപ്പിൽ നിന്ന് മകനെ മുഹമ്മദ് ഉടനെ പുറത്തേക്കെടുത്ത് മാറിയതിനാൽ വൻദുരന്തം ഒഴിവായി.അപകടത്തിൽ മുഹമ്മദിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
ബൊലേറ ജീപ്പ് ടിപ്പർ ലോറിയുടെ ഡീസൽ ടാങ്കിലും ബാറ്ററിബോക്‌സിന്റെ ഭാഗത്തും ഇടിച്ചതാണ് ഇരുവാഹനങ്ങൾക്കും തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.രണ്ടുവാഹനങ്ങളും നിശ്ശേഷം കത്തിനശിച്ചു.സംഭവമറിഞ്ഞെത്തിയ എസ്.ഐ. സ്മിതേഷിന്റെ നേതൃത്വത്തിലുള്ള കൂത്തുപറമ്പ് പൊലീസും ഹൈവെ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ തീയണക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ കത്തിയമരുകയായിരുന്നു.
അപകടത്തെ തുടർന്ന് ഉരുവച്ചാൽ കൂത്തുപറമ്പ് റൂട്ടിൽ ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. ടിപ്പർലോറി ഡ്രൈവർ നീർവേലിയിലെ ഷാനവാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മെരുവമ്പായിൽ കൂട്ടിയിടിച്ച ടിപ്പർ ലോറിയും ബൊലേറോ ജീപ്പും കത്തിനശിച്ചപ്പോൾ