പയ്യന്നൂർ: പട്ടാപ്പകൽ സാമൂഹ്യ വിരുദ്ധർ ഹോട്ടൽ അടിച്ചു തകർത്തു.പയ്യന്നൂർ പെരുമ്പ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്തെ സ്വാഗത് ഹോട്ടലാണ് അടിച്ച് തകർത്തത്.
ഇന്നലെ ഉച്ച കഴിഞ്ഞ് 2.30ഓടെയാണ് സംഭവം.കാറിലും ബൈക്കുകളിലുമായെത്തിയ ഒരു സംഘമാണ് ഹോട്ടലിൽ അക്രമം നടത്തിയതെന്ന് ഹോട്ടലുടമകളിലൊരാളായ കാഞ്ഞങ്ങാട് കൊട്ടിലങ്ങാട് സ്വദേശി ഹംസ പറഞ്ഞു.ഹോട്ടലിലെ മേശകളും കസേരകളും അലമാരയും സ്റ്റൗ,ഗ്യാസ് സിലിണ്ടറുകൾ എന്നിവ അക്രമികൾ വാരിവലിച്ചിട്ട് നശിപ്പിച്ചു.ഹോട്ടലിലെ ഗ്ലാസ് കാബിനുകൾ അടിച്ച് തകർത്തു.നിലത്ത് പാകിയ ടൈലുകളും തകർത്തിട്ടുണ്ട്.
ഉടമകളായ കാഞ്ഞങ്ങാട് സ്വദേശി അബ്ദുൾ ഖാദർ,അബ്ദുൾ ഹമീദ്,അബ്ദുൾ നാസർ, ജീവനക്കാരായ മോഹനൻ,മുഹമ്മദ്,ഇതര സംസ്ഥാന തൊഴിലാളികളായ വിജയ്,സുനിൽ എന്നിവരാണ് സംഭവ സമയത്ത് ഹോട്ടലിലുണ്ടായിരുന്നത്.ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് ഹോട്ടലിന് നേരെ ആക്രമണം ഉണ്ടായത്.ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ അക്രമം കണ്ട് ഓടിരക്ഷപ്പെട്ടു. അക്രമികൾ മർദ്ദിച്ചതായും ഉടമ അബ്ദുൾ ഖാദർ പറഞ്ഞു.വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസ് ഇൻസ്‌പെക്ടർ എസ.്എച്ച.്ഒ പി.കെ.ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഭവ സ്ഥലത്തെത്തമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഹോട്ടലിൽനിന്ന് വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയത് ചോദ്യം ചെയ്ത യുവാക്കളെ കാറിലെത്തിയ സംഘം മർദ്ദിച്ച സംഭവമുണ്ടായിരുന്നു.ഈ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിരുന്നു.ഇതിന് ശേഷം ശനിയാഴ്ചയാണ് ഹോട്ടൽ വീണ്ടും തുറന്നത്.
ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ സുധീഷ്, അനൂപ് തുടങ്ങിയ 17 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു.

പെരുമ്പയിൽ ഇന്ന് കടകളടക്കും
പയ്യന്നൂർ:സ്വാഗത് ഹോട്ടലിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് പെരുമ്പയിലെ കടകമ്പോളങ്ങൾ ഇന്ന്അടച്ചിടുമെന്ന് ചേമ്പർ പ്രസിഡന്റ് കെ.യു.വിജയകുമാർ അറിയിച്ചു.രാവിലെ ഒമ്പതിന് പയ്യന്നൂർ നഗരത്തിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനവും നടത്തും.