കേന്ദ്രപ്രതിനിധി വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു
കാസർകോട്: ജലശക്തി അഭിയാൻ പദ്ധതി പ്രകാരം ജില്ലയിലെ ജലപ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി മൂന്നു മാസത്തിനകം ജലനയം ആവിഷ്‌കരിക്കുമെന്ന് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറായ വി.എം. അശോക് കുമാർ പറഞ്ഞു. ജലനയ രൂപീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര പ്രതിനിധി അശോക് കുമാർ സിംഗ് വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ചെർക്കളയിലെ ബംബ്രാണി നഗറിലെ ചേനപ്പുറംകുളം അദ്ദേഹം സന്ദർശിച്ചു. കുളത്തിനെ നല്ല രീതിയിൽ സംരക്ഷിച്ചു വരുന്ന ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ അദ്ദേഹം അഭിനന്ദിച്ചു. മേഖലയിലെ ജലംസംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടിയോട് അശോക് കുമാർ സിംഗ് ചോദിച്ചറിഞ്ഞു.
ചിത്താരി പുഴയിലെ റെഗലേറ്റർ കം ബ്രിഡ്ജ് സന്ദർശിച്ചു. ഇവിടത്തെ ഷട്ടർ ദ്രവിച്ചതിനാൽ പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി കേന്ദ്രപ്രതിനിധിയോട് പറഞ്ഞു. സ്ഥിരം സംവിധാനം ഏർപ്പെടുത്തും വരെ താൽക്കാലികമായി ഷട്ടർ മാത്രം മാറ്റി സ്ഥാപിക്കണമെന്ന് അശോക് കുമാർ സിംഗ് നിർദേശം നൽകി.
സന്ദർശനത്തിൽ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ വി.എം അശോക് കുമാർ, അഡിഷണൽ ഡെവലപ്‌മെന്റ് കമ്മീഷണർ (ജനറൽ) ബെവിൻ ജോൺ വർഗീസ്, വാർഡ് അംഗങ്ങൾ, രാഷ്ട്രീയസാമൂഹിക പ്രവർത്തകർ എന്നിവർ അനുഗമിച്ചു.
400 അടി കുഴിച്ചാലും വെള്ളമില്ല
പള്ളിക്കര പഞ്ചായത്തിലെത്തിയ അശോക് കുമാർ സിംഗ് കുടിവെള്ളക്ഷാമം നേരിടുന്ന തോക്കാനംമൊട്ട കോളനിയിലെത്തി. 400 അടി കുഴിച്ചിട്ടും കുഴൽകിണറുകളിൽ വെള്ളം ലഭിക്കാത്ത സാഹചര്യമാണ് ഈ കോളനിയിലുള്ളത്. നാല് കുടിവെള്ള പദ്ധതികളിൽ മഴക്കാലത്ത് മാത്രമാണ് വെള്ളം ലഭിക്കുന്നത്. പൊതു കിണറുകളും ജലസ്രോതസ്സുകളും നവംബർ ഡിസംബർ മാസത്തോടെ വറ്റിവരളുന്ന സാഹചര്യമാണ് നിലവിലുള്ളത്. പള്ളങ്ങൾ സംരക്ഷിച്ച് നിലനിർത്താനും പാറകൾ കുഴിച്ച് മഴവെള്ള സംഭരണി നിർമിക്കുന്നതിന്റെ സാധ്യത തേടാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിരയോട് കേന്ദ്ര പ്രതിനിധി ആവശ്യപ്പെട്ടു.
ഫോട്ടോ
ജലശക്തി അഭിയാൻ കേന്ദ്ര പ്രതിനിധി അശോക് കുമാർ സിംഗ് ചെർക്കള ബംബ്രാണി നഗറിലെ ചേനപ്പുറം കുളം സന്ദർശിക്കുന്നു.
പി. കേശവദേവിനെ
അനുസ്മരിച്ചു
ബോവിക്കാനം: എഴുത്തും ജീവിതവും സമരസപ്പെടുത്തിയ മഹാനായ എഴുത്തുകാരനാണ് പി. കേശവദേവെന്ന് കവി സി.എം. വിനയചന്ദ്രൻ അഭിപ്രായപ്പെട്ടു. ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിന്റെ പി. കേശവദേവ് അനുസ്മരണവും അക്ഷരദീപം കൊളുത്തലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത കന്നട സാഹിത്യകാരനും വാഗ്മിയുമായ മഹേഷ് ഏത്തടുക്ക ലൈബ്രറികളുടെ സാംസ്‌കാരിക പ്രവർത്തനത്തെകുറിച്ച് സംസാരിച്ചു. പി. ചെറിയോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഘവൻ ബെള്ളിപ്പാടി സ്വാഗതവും കെ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.