watertank
കൺവെൻഷൻ സെന്ററിനോട് ചേർന്ന വാട്ടർ ടാങ്ക്

കണ്ണൂർ: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാർത്ഥാ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാൻ ആന്തൂർ നഗരസഭ തീരുമാനിച്ചു. തുറസായ സ്ഥലത്ത് നിർമ്മിച്ച വാട്ടർടാങ്ക് ആറു മാസത്തിനകം മാറ്റി സ്ഥാപിക്കാമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകാൻ തീരുമാനിച്ചത്.

അനുമതി തേടി ബന്ധുക്കൾ ഇന്നലെ പുതിയ അപേക്ഷ നൽകിയിരുന്നു. നഗരസഭ ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിച്ച ശേഷമുള്ള പുതിയ രൂപരേഖയാണ് സാജന്റെ ബന്ധുക്കൾ നഗരസഭാ സെക്രട്ടറി എം. സുരേശനു കൈമാറിയത്. തുറസായ സ്ഥലത്തെ ഇൻസിനറേറ്റർ, ഭിന്നശേഷിക്കാർക്കുള്ള റാമ്പിന്റെ ചരിവ്, ശൗചാലയങ്ങളുടെയും വാഷ് ബേസിനുകളുടെയും എണ്ണക്കുറവ് തുടങ്ങിയ പോരായ്‌മകൾ പരിഹരിച്ചിരുന്നു.

സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും പരിശോധന നടത്തിയ ശേഷമാണ് ലൈസൻസ് നൽകാൻ അന്തിമതീരുമാനമായത്. വാട്ടർ ടാങ്ക് മാറ്റി സ്ഥാപിക്കാൻ പത്ത് മാസമാണ് സാജന്റെ ബന്ധുക്കൾ ചോദിച്ചത്. അത് അനുവദിക്കാനാവില്ലെന്നും ആറു മാസത്തിനകം പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നുമാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.

പാർത്ഥാ കൺവെൻഷൻ സെന്റർ മാനേജർ കെ. സജീവൻ, ആർക്കിടെക്ട് പ്രവീൺചന്ദ്ര, സാജന്റെ ഭാര്യാപിതാവ് പി. പുരുഷോത്തമൻ എന്നിവർ ചേ‌ർന്നാണ് നഗരസഭാ സെക്രട്ടറിക്ക് പ്ളാൻ കൈമാറിയത്. അനുമതി നൽകിയ ശേഷം സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുള്ള സെക്രട്ടറി ഗിരീഷ്, അസി. എൻജിനിയർ കലേഷ്, ഗ്രേഡ് വൺ ഓവർസിയർമാരായ അഗസ്റ്റിൻ, ബി. സുധീർ എന്നിവരെ തിരിച്ചെടുക്കാനുള്ള നടപടി ആരംഭിക്കും. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയില്ലെന്ന് സംഭവത്തിലെ ഭരണപരമായ വീഴ്ചകൾ അന്വേഷിച്ച ഉത്തരമേഖലാ നഗരകാര്യ ജോയിന്റ് ഡയറക്ടർ കഴിഞ്ഞ ആഴ്ച സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു.