കണ്ണൂർ : നടാൽ ഗേറ്റിൽ ട്രെയിനിന്റെ എൻജിന് മുമ്പിൽ നിന്ന് ബസ് യാത്രക്കാരെ സമയോചിതമായ ധൈര്യം കാണിച്ച് രക്ഷപ്പെടുത്തിയ കല്ല്യാൺ ബസ് ഡ്രൈവർ എം.വി.രമേശനെ കടമ്പൂർ വാണിയ സമുദായത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടുകാർ സ്വർണ്ണ പതക്കം നൽകി ആദരിച്ചു.കഴിഞ്ഞ മൂന്നിനാണ് നടാൽ ഗേറ്റിന് സംഭവിക്കുമായിരുന്ന വൻ ദുരന്തം കടമ്പൂർ സ്വദേശിയായ രമേശന്റെ മനസാന്നിധ്യം കൊണ്ട് ഒഴിവായത്.കല്ല്യാൺ ബസും മറ്റൊരു കാറുമാണ് എൻജിൻ കടന്നു പോകവെ ട്രാക്കിന് ഇരു വശവും ഉണ്ടായിരുന്നത്.
നടാൽ ഗേറ്റ് തുറന്ന് വാഹനങ്ങൾ കടന്നു പോകാനേ തുടങ്ങിയിരുന്നുള്ള.തലശ്ശേരി റോഡിലേക്ക് ബസ് കയറുന്നതിനിടെയാണ് റെയിൽവെ എൻജിന്റെ ഹോൺമുഴക്കം കേൾക്കുന്നത്.ഇടത്തോട്ടു നോക്കിയപ്പോഴേക്കും എൻജിൻ അടുത്തെത്താറായിരുന്നു.ബസ് പിന്നിലേക്ക് എടുക്കാൻ കഴിയാത്ത തരത്തിൽ വാഹനങ്ങളുടെ വലിയ നിരയും.നാൽപതോളം യാത്രക്കാരും ബസിൽ ഉണ്ടായിരുന്നു.പേടിച്ച് നിലവിളിച്ച യാത്രക്കാരുമായി ട്രാക്കിന് തൊട്ടടുത്ത് എത്തിയപ്പോഴും മുപ്പതോളം വർഷം വളയം പിടിച്ച രമേശൻ മനസാന്നിധ്യം കൈവിടാതെ ബ്രേക്കിട്ടതും തൊട്ടടുത്തുകൂടി എൻജിൻ കടന്നു പോയി.നീണ്ട വർഷത്തെ ഡ്രൈവർ ജോലിക്കിടയിൽ ഇത്തരം ഒരനുഭവം ആദ്യമാണെന്ന് രമേശൻ പറഞ്ഞു.
കടമ്പൂർ സൗത്ത് എൽ.പി.സ്ക്കൂളിൽ നടന്ന ആദരവ് പരിപാടിയിൽ കളക്ടർ ടി.വി.സുഭാഷ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരിധരൻ അദ്ധ്യക്ഷത വഹിച്ചു.കെ.വി.അശേകൻ,കെ.ഗിരീശൻ,കെ.വി.സോന എന്നിവർ പ്രസംഗിച്ചു.