പട്ടുവം: ഒരു കാലത്ത് കണ്ണൂർ ജില്ലയുടെ നെല്ലറയായിരുന്നു പട്ടുവത്തെ കൈപ്പാട് നിലങ്ങൾ. കണ്ടൽക്കാടുകൾ വളർന്ന് നിബിഡവനമായി ഇവ മാറിയപ്പോൾ അപ്രതീക്ഷിതമായി പുതിയൊരു ഭീഷണി ഇവിടെ ഉയർന്നുവന്നിരിക്കുന്നു. കൈപ്പാടുകളിൽ നിന്ന് കരയിലേക്ക് കയറിവരുന്ന പാമ്പുകളാണ് ഇന്ന് ഇവിടത്തെ കർഷകർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

വയലുകളിൽ സാധാരണ നിലയിൽ പാമ്പുകളെ പേടിക്കേണ്ടതില്ല. ചേറിലിറങ്ങിയവരെ പാമ്പുകടിച്ചതായി ഈ നാട്ടിന് കേട്ടുകേൾവിയുമില്ല. എന്നാൽ കഴിഞ്ഞ ദിവസം നാട്ടിപ്പാടത്ത് ഞാറുമായി നടക്കുന്നതിനിടെ മുതുകുടയിലെ സി.പി.എം നേതാവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ബാലകൃഷ്ണന് പാമ്പുകടിയേറ്റതോടെ ഇങ്ങനെയും സംഭവിക്കാമെന്നായിരിക്കുന്നു.

എന്തോ കാലിൽ കൊണ്ടുവെന്ന് കരുതിയതിനാൽ ബാലകൃഷ്ണൻ ഇത് കാര്യമായെടുത്തില്ല. രാത്രിയായപ്പോൾ ഛർദ്ദിയും കാലിൽ വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു.എന്നാൽ ഉടൻ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നായിരുന്നു നിർദ്ദേശം. ഇപ്പോൾ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.

നീർക്കോലികളല്ല

സാധാരണ വയലിൽ നീർക്കോലികളുണ്ടാകാറുണ്ടെങ്കിലും വിഷപ്പാമ്പുകൾ പതിവല്ല.വിഷപ്പാമ്പുകളുടെ കടിയേറ്റതായി ഓർമ്മയിലെ ഇല്ലെന്ന് പട്ടുവത്തുകാർ പറയുന്നു. എന്നാൽ കൈപ്പാടുകൾ നിബിഡവനങ്ങളായതോടെ പലതരത്തിലും ഇഴജീവികളും ചെറുമൃഗങ്ങളും വിഷപ്പാമ്പുകളും കരയിലേക്ക് വരികയാണ്.കാടുകയറിക്കിടക്കുന്ന പാടത്ത് തവളകളേറെയുണ്ട്. ചെറുപാമ്പുകൾ തൊട്ട് പെരുമ്പാമ്പുകൾ വരെ ഇപ്പോൾ ഈ ഭാഗത്ത് ഭീഷണി സൃഷ്ടിക്കുകയാണ്.കൈപ്പാടിനോട് ചേർന്നുകിടക്കുന്ന കരനിറങ്ങളിൽ ഇറങ്ങാൻ തന്നെ ആളുകൾ മടിക്കുകയാണിപ്പോൾ. ചിലപാടങ്ങൾ കണ്ടാൽ തരിശിട്ടതാണെന്ന് പറയാത്ത തരത്തിൽ നെൽച്ചെടികൾ മുളച്ചുനിൽക്കുകയാണ്.


കാവുങ്കൽ മാണിയാടുപാലത്തിനോട് ചേർന്നുകിടക്കുന്ന തെക്കെ വയലിലെ അല്പഭാഗം.