എസ്റ്റിമേറ്റിൽ പറയുന്നത്

നീളം 600 മീറ്റർ ആഴം 3 മീറ്റർ

പണിതത് നീളം 50 മീറ്റർ ആഴം1.5 മീറ്റർ

കാസർകോട്: തുറമുഖ വകുപ്പ് നാലു കോടി രൂപ ചെലവുചെയ്തു പൂർത്തിയാക്കിയെന്ന് പറയുന്ന ബോട്ട് ചാനലിന്റെ സ്ഥാനത്ത് ഇപ്പോൾ കാണുന്നത് ഡ്രഡ്ജിംഗ് ചെയ്‌തെടുത്ത മണലുകളുടെ കൂമ്പാരം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിൽ വരുന്ന അഴിമുഖത്ത് നിന്ന് തുറമുഖത്തേക്ക് ബോട്ടുകൾക്ക് കടന്നുവരാനാണ് ചാനൽ നിർമ്മിച്ചത്.

പണിത ബോട്ട് ചാനലിന് പകരം അതിർത്തി തിരിച്ച ഏതാനും തെങ്ങിന്റെ കുറ്റികൾ മാത്രമാണ് അഴിമുഖത്തേക്കുള്ള വഴിയിൽ വെള്ളത്തിലുള്ളത്. ഈ ചാനലിലൂടെ ബോട്ടുകളൊന്നും ഇതുവരെ കടന്നുപോയിട്ടുമില്ല. വലിയ തോണികൾക്ക് പോലും കടന്നുപോകാൻ പറ്റാത്ത വിധത്തിലാണ് ചാനൽ തീർത്തിട്ടുള്ളത്. നിലവിൽ മത്സ്യബന്ധന ബോട്ടുകൾ കടന്നുപോകുന്നതാകട്ടെ പരമ്പരാഗത മണൽ വാരൽ തൊഴിലാളികൾ ഉണ്ടാക്കിയ ചാനലിലൂടെയും.

മൂന്ന് മാസം മുമ്പ് പയ്യന്നൂർ രാമന്തളി സ്വദേശിയായ ചാനൽ കരാറുകാരൻ നിർമ്മാണം പൂർത്തിയായെന്ന് നാട്ടുകാരോട് പറഞ്ഞു പോകുകയായിരുന്നു. ചാനലിന്റെ നീളം 600 മീറ്ററും വീതി 75 മീറ്ററും വേണമെന്നാണ് എസ്റ്റിമേറ്റിൽ വ്യവസ്ഥ ചെയ്തിരുന്നത്. മൂന്ന് മീറ്റർ ആഴവും ഉണ്ടാകണം. എന്നാൽ അമ്പതു മീറ്റർ പോലും നീളം വരില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഒന്നര മീറ്റർ പോലും ആഴവുമില്ല. അതിനിടെ കൃത്രിമ ദ്വീപിനായി അതിർത്തി തിരിച്ച സ്ഥലത്താണ് അഴിമുഖത്ത് നിന്ന് വാരിയ മണൽ നിറച്ചിരിക്കുന്നത്. പ്രവർത്തന ശേഷിയില്ലാത്ത യന്ത്രം ഡ്രഡ്ജിംഗിന് ഉപയോഗിച്ചതു കാരണമാണ് വാരിയെടുത്ത മണൽ അടയാളപ്പെടുത്തിയ സ്ഥലത്തുതന്നെ നിക്ഷേപിക്കാൻ കഴിയാതിരുന്നതത്രേ. പുതിയ ചാനലുണ്ടാക്കി നാലുകോടി വെള്ളത്തിൽ ഒഴുക്കിയവർ വീണ്ടും പണം ചിലവഴിച്ചു തൊട്ടടുത്തുകൂടി മറ്റൊരു ചാനൽ കൂടി പണിയാമെന്നാണത്രെ ഇപ്പോൾ പറയുന്നത്.

മണൽ കടത്തിയതിന് പഴി തൊഴിലാളികൾക്ക്

കുറ്റിയടിച്ച മണൽതിട്ടക്ക് പുറത്തു നിക്ഷേപിച്ച മണൽ ചിലർ ഈയിടെ വാരികൊണ്ടുപോയി. എന്നാൽ ഇതിനു പഴി മുഴുവൻ ഇവിടത്തെ അംഗീകൃത തൊഴിലാളികളാണ് കേൾക്കേണ്ടിവന്നത്. സർക്കാരിന്റെ വ്യവസ്ഥകൾ പാലിച്ചു ജോലി ചെയ്യുന്ന തൊഴിലാളികളെ മണൽ കടത്തുകാരായി ചിത്രീകരിക്കാൻ ചില കേന്ദ്രങ്ങളുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായെന്നാണ് ഇവരുടെ ആക്ഷേപം. അതേസമയം, അനധികൃതമായി മണൽവരുന്ന മാഫിയ സംഘങ്ങൾക്കെതിരെ ഒരു നടപടിയും അധികാരികൾ സ്വീകരിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.

പുതിയ ചാനൽ ധാരണയ്ക്ക്

വിരുദ്ധമെന്ന് തൊഴിലാളികൾ
കളക്ടറുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് അഴിമുഖത്തിനും തുറമുഖത്തിനും ഇടയിലായി പുതിയ ചാനൽ നിർമ്മിച്ചതെന്ന് അംഗീകൃത മണൽ വാരൽ തൊഴിലാളികളായ പി.പി കൃഷ്ണൻ, എ.കെ ചന്ദ്രൻ, പി.കെ സത്യൻ, എം.പി ഗോവിന്ദൻ, സി.വി രാജൻ എന്നിവർ പറഞ്ഞു. ബോട്ടുകൾക്കും തോണികൾക്കും ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. മണൽ നിറച്ച് ദ്വീപുണ്ടാക്കിയതും നിയമവിരുദ്ധമാണ്. ഈ സ്ഥലത്ത് നിന്നും ഡ്രഡ്ജിംഗ് നടത്താൻ പാടില്ല. പുലിമുട്ടിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടുന്ന മണലാണ് തൊഴിലാളികൾ എടുത്തുമാറ്റുന്നത്. ഇതിന് പോർട്ട് ഓഫീസറുടെ അനുമതിയുണ്ട്. സർക്കാരിന് ലാഭമുണ്ടാക്കി കൊടുക്കുന്ന തൊഴിലാളികൾക്ക് ജോലി സുരക്ഷിതത്വം വേണെമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറെ കാണുമെന്നും ഇവർ പറഞ്ഞു.

പടങ്ങൾ ..ആഴിമുഖത്തിന് സമീപം ബോട്ട് ചാനലിന്റെ മണലെടുത്തു ഒരുക്കുന്ന മണൽത്തിട്ട

എത്ര കുഴിച്ചാലും കണ്ണീർ മഴ ..അംഗീകൃത പൂഴിക്കടവിൽ മണൽ കോരിയിടുന്ന തൊഴിലാളികൾ

പാരിസ്ഥിതിക പ്രശ്‌നമായി കൃത്രിമദ്വീപ്

ഈ മണൽ ഉപയോഗിച്ച് കൃത്രിമ ദീപുണ്ടാക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതുഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമാണ് ഇവിടെയുണ്ടാക്കുന്നത്. തിരമാലയുടെ ഒഴുക്ക് തടസപ്പെടുകയും പരന്തേൻ മാട്, ഓർക്കുളം, ചെമ്പന്റെ മാട് എന്നിവിടങ്ങളിലെ വീടുകളിലേക്ക് കടൽവെള്ളം അടിച്ചുകയറ്റുന്ന സ്ഥിതിയും ഉണ്ടായിരിക്കുകയാണ്.