pk-shyamala-sajan

തളിപ്പറമ്പ്: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശ്യാമളയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ വൈകിട്ട് നഗരസഭാ ഓഫീസിലെത്തിയാണ് ചോദ്യം ചെയ്തത്. നാല് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ ആറു വരെ നീണ്ടു. അന്വേഷണ സംഘത്തലവൻ കണ്ണൂർ നർകോട്ടിക് സെൽ ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ വളപട്ടണം സി.ഐ എം. കൃഷ്ണൻ, വനിതാ എസ്‌.ഐ സി. മല്ലിക എന്നിവരുൾപ്പെട്ട സംഘമാണ് ചോദ്യം ചെയ്തത്.

സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന നിലപാടിൽ ശ്യാമള ഉറച്ചുനിന്നു. ശ്യാമളയെയോ ഉദ്യോഗസ്ഥരെയോ പ്രതിചേർക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്ന മുൻനിലപാടിൽ തന്നെയാണ് അന്വേഷണ സംഘവും. സാജന്റെ ആത്മഹത്യ മാനസിക പീഡനം മൂലമാണെന്നാണ് ഡയറിയിൽ ഉള്ളത്. മരണത്തിലേക്ക് നയിച്ച മറ്റു കാര്യങ്ങൾ ഉണ്ടോയെന്നതും പരിശോധിക്കും. ശ്യാമളയെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ സംഘത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയതായി നഗരസഭാ ചെയർപേഴ്‌സൺ ശ്യാമള പറഞ്ഞു. തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് ശ്യാമള മാദ്ധ്യമങ്ങളോട് പറഞ്ഞു. നഗരസഭയിലെ വിവിധ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു.

കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിക്കുന്ന സമീപനം തന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ചില കാര്യങ്ങളിൽ ചട്ടലംഘനം ബോദ്ധ്യപ്പെട്ടതിനാലാണ് അനുമതി നൽകാൻ വൈകിയതെന്നുമാണ്‌ ശ്യാമള അന്വേഷണ സംഘത്തോട് പറഞ്ഞത്. നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും ചെയർപേഴ്സൺ ശ്യാമളയ്ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സാജന്റെ ഭാര്യ ബീന വളപട്ടണം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നഗരസഭാ സെക്രട്ടറി, എൻജിനിയർ എന്നിവരെ നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നു.