കാസർകോട്: ജില്ലയിലെ ദളിത് ആദിവാസി വിഭാഗം ജില്ലാ കളക്ടറുടെ ചേമ്പറിന് മുന്നിൽ കുത്തിയിരുപ്പുസമരം നടത്തി. ഇതേ തുടർന്ന് പഴയ അപേക്ഷകർക്ക് ഭൂമി അനുവദിക്കാൻ ധാരണയായി. ദളിത് മഹാസഭ, ആദിവാസി സർവീസ് സൊസൈറ്റി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് കളക്ടറുടെ കാര്യാലയത്തിനു മുന്നിൽ സമരം നടത്തിയത്. ഇതേ തുടർന്ന് കളക്ടർ സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചു. സർക്കാർ നിശ്ചയിച്ച ന്യായവില പ്രകാരം ഭൂമി വിൽക്കാൻ തയ്യാറുള്ള ഭൂഉടമകളിൽ നിന്നും അനുയോജ്യമായ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു പിന്നീട് പറഞ്ഞു.

'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതിയിൽ അപേക്ഷിച്ച 685 പേരിൽ 200 പേർക്കാണ് ഇത് വരെ ഭൂമി നൽകിയിട്ടുള്ളത്. ശേഷിക്കുന്നവർക്ക് നിലവിലുള്ള മാനദണ്ഡ പ്രകാരം ലാൻഡ് ബാങ്ക് പദ്ധതിയിൽ മുൻഗണന നൽകുമെന്നും കളക്ടർ പറഞ്ഞു. എ.എസ്.പി. ഡി. ശിൽപ, ഡി.വൈ.എസ്‌പി എം. ഹസൈനാർ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ പി.ടി അനന്തകൃഷ്ണൻ, അസിസ്റ്റന്റ് പട്ടികവർഗ വികസന ഓഫീസർ എം. ഷമീന, പട്ടിക വർഗ വിഭാഗം ജൂനിയർ സൂപ്രണ്ട് കെ.എം പ്രസന്ന, ദളിത് മഹാസഭ പ്രസിഡന്റ് പി.കെ രാമൻ, ദളിത് സർവ്വീസ് സൊസൈറ്റി പ്രതിനിധി ഒ.കെ പ്രഭാകരൻ നാരായൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

സഞ്ജയ് കുമാറിന്

ആർ.പി.എഫ് പുരസ്‌കാരം
കാസർകോട്: സതേൺ റെയിൽവേയുടെ ഈ വർഷത്തെ പ്രവർത്തന മികവിനുള്ള ആർ.പി.എഫ് പുരസ്‌കാരം കാസർകോട് ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ വി.വി സഞ്ജയ് കുമാറിന് ലഭിച്ചു. കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന പുരസ്‌കാരദാന ചടങ്ങിൽ ആർ.പി.എഫ് ചീഫ് പ്രിൻസിപ്പൽ സെക്യൂരിറ്റി കമ്മീഷണർ ബീരേന്ദ്രകുമാറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. മികച്ച പ്രവർത്തനത്തിനുള്ള ഡിവിഷണൽ റെയിൽവേ മാനേജരുടെ പുരസ്‌കാരത്തിന് രണ്ടു തവണ സഞ്ജയ് കുമാർ അർഹനായിട്ടുണ്ട്.