food

ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തിൽ നമ്മുടെ സംസ്ഥാനത്ത് മൂന്നിലൊരാൾക്ക് അമിത രക്തസമ്മർദ്ദവും അഞ്ചിൽ ഒരാൾക്ക് പ്രമേഹവും ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം രോഗങ്ങളിൽ നിന്ന് മാറിനിൽക്കാൻ നമ്മുടെ ഭക്ഷണരീതിയിൽ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നേരം ഒരുപാട് ഭക്ഷണം കഴിക്കുന്നതിന് പകരം കുറഞ്ഞ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും തവിടുള്ള ധാന്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മാംസം, മുട്ട, പാലുത്പന്നങ്ങൾ എന്നിവ മിതമായി ദിവസങ്ങളിടവിട്ടോ ആഴ്ചയിലൊന്നോ പോലെ ഉപയോഗിക്കുക.


രക്തസമ്മർദ്ദം അധികം ഉള്ളവർ ഉപ്പ് കുറയ്ക്കുക. എണ്ണയും കൊഴുപ്പും പരിമിതപ്പെടുത്തുക. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, തവിടുള്ള ധാന്യങ്ങൾ എന്നിവയാണ് കൂടുതലായി കഴിക്കേണ്ടത്. പഴങ്ങളിൽ ഓറഞ്ചും വാഴപ്പഴവും പച്ചക്കറിയിൽ ബീറ്റ്റൂട്ടും തക്കാളിയ്ക്കും പ്രാധാന്യം നൽകുക. യുവാക്കളിൽ കണ്ടുവരുന്ന ഹൃദയാഘാതം കൊണ്ടുള്ള പെട്ടെന്നുള്ള മരണം റെഡ് മീറ്റിന്റെ അമിത ഉപയോഗം മൂലമാണ്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, പായ്ക്കറ്റ് ഫുഡ്, കാർബണേറ്റ് ഡ്രിങ്ക്, ബേക്കറി എന്നിവ ഒഴിവാക്കുക.


സ്തനം, വൻകുടൽ, ഗർഭാശയം, പ്രോസ്‌റ്ററേറ്റ് എന്നിവയിലുണ്ടാക്കുന്ന കാൻസർ രോഗം അമിതകൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിൽ നിന്നാണ്. റെഡ് മീറ്റിലെ കൊഴുപ്പ് കുടലിലെ സൂക്ഷ്മാണു സഞ്ചയത്തിൽ കാൻസറിന് കാരണക്കാരായ കാർസിനോജനുകളാക്കി മാറ്റുന്നു. അമിതക്കൊഴുപ്പ് കാരണം രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവും വർദ്ധിക്കും. സമീകൃതമായ ആഹാരരീതിയിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും ആരോഗ്യ പരിപാലനം ഉറപ്പുവരുത്താം.

ഡോ. അമൃത കെ.പി

ബി.എ.എം.എസ്,

വി.എം ഹോസ്പിറ്റൽ,

ഗവ. ആശുപത്രിക്ക് എതിർവശം,

മട്ടന്നൂർ

ഫോൺ 9207966000