കൂത്തുപറമ്പ് :എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.പി.പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ അതിമാരക ലഹരിമരുന്നായ പതിനഞ്ച് ഗ്രാം മെത്തലിൻ ഡൈയോക്‌സി മെത്ത് ആംഫിറ്റാമിൻ (എം.ഡി..എം.എ) എന്ന ലഹരിമരുന്നുമായി ശിവപുരം പാങ്കളം സ്വദേശി നുള്ളിക്കോടൻ ഹൗസിൽ എൻ ജംഷീറി(23)നെ സ്വിഫ്റ്റ് കാർ സഹിതം അറസ്റ്റ് ചെയ്തു .
മട്ടന്നൂർ, ശിവപുരം, കൂത്തുപറമ്പ് ഭാഗങ്ങളിൽ ലഹരിയെത്തിക്കുന്ന ഇയാൾ ജില്ലയിലേക്ക് ലഹരി മരുന്ന് കടത്തുന്ന പ്രധാനിയാണ് . എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡിന്റെ രഹസ്വാന്വേഷണത്തിന്റെ ഭാഗമായി ലഹരിക്കടത്ത് സംഘങ്ങളെ നിരീക്ഷിച്ച് വരവെയാണ് ജംഷീറിനെക്കുറിച്ചുള്ള വിവരം സ്വകാഡിന് ലഭിക്കുന്നത് . ഇതിനെ പിൻതുടർന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളോളം ഇയാളെ നിരീക്ഷച്ചതിന് ശേഷം ഇയാൾ ബാംഗ്ലൂരിൽ നിന്നും ലഹരിമരുന്ന് കടത്തികൊണ്ടു വരുന്നുന്നെന്ന് അറിഞ്ഞ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങൾ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ മുൻപും ജില്ലയിലെ എക്‌സൈസ് ഓഫീസുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . വൻകിട നഗരങ്ങളിൽ നിശാപാർട്ടികളിൽ ഉപയോഗിക്കുന്ന പാർട്ടി ഡ്രഗ്ഗ് എന്നറിയപ്പെടുന്ന ലഹരി മരുന്ന് വളരെ ചെറിയ തോതിൽ ഉപയോഗിച്ചാൽ പന്ത്രണ്ട് മണിക്കൂർ വരെ ലഹരി നിലനിൽക്കുന്നതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുവാൻ പ്രധാനകാരണം . വെറും രണ്ട് ഗ്രാം കൈവശം വച്ചാൽ തന്നെ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ലഹരിമരുന്നാണ് 'എം ' എന്ന ചെല്ലപ്പേരിൽ ഉപഭോക്താക്കളിൽ അറിയപ്പെടുന്ന എം.ഡി.എം.എ . ഇയാളെ പിടികൂടിയതിലൂടെ ജില്ലയിലേക്ക് ലഹരി കടത്തുന്ന സംഘങ്ങളെക്കുറിച്ച് എക്‌സൈസിന് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട് . എക്‌സൈസ് കമ്മിഷണർ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗം പി ജലീഷ് , ഉത്തരമേഖല ജോയന്റ് എക്‌സൈസ് കമ്മീഷണർ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗം കെ .ബിനീഷ് , പ്രിവന്റീവ് ഓഫിസർ വി .സുധീർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി ,പ്രനിൽ കുമാർ ,സി വി റിജുൻ, എക്‌സൈസ് ഡ്രൈവർ അൻവർ സാദത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കീഴടക്കിയത് .