കണ്ണൂർ: രാജ്യത്ത് ബി.ജെ.പി ലക്ഷ്യമിടുന്നത് കോൺഗ്രസ് മുക്തഭാരതമല്ല, മറിച്ച് പ്രതിപക്ഷ മുക്ത ഭാരതമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തങ്ങൾ ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളെയാണ് ലക്ഷ്യമിടുന്നത്. പയ്യന്നൂർ രാമന്തളിയിൽ സി.പി.എം പ്രവർത്തകൻ ധനരാജ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ ശേഷം കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീചമായ കുതിരക്കച്ചവടമാണ് ഗോവയിലും കർണാടകയിലും നടക്കുന്നത്. ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നു. രാജ്യം അപകടകരമായ അവസ്ഥയിലായപ്പോഴും കോൺഗ്രസ് അവരുടെ ആഭ്യന്തര പ്രശ്നങ്ങൾ പുറത്തേക്ക് വലിച്ചിടുകയാണ്. ഈ വിടവിലൂടെ ബി.ജെ.പി കയറിക്കളിക്കുകയാണ്. ഒരു എം.എൽ.എയുടെ വിലനിലവാരം എത്രയാണെന്ന തരത്തിൽ ചർച്ച നടക്കുന്നത് ജനാധിപത്യത്തിന് അപകടകരമാണ്. കേരളത്തിലെ ഇടത് സർക്കാരിനെയും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ എന്ത് ചെയ്താലും ജനങ്ങൾ അതിനെ ചെറുത്ത് തോൽപ്പിക്കും. അത്തരം പാരമ്പര്യം 1957 മുതൽ ഈ നാടിനുണ്ട്. ഭരണഘടനതകിടം മറിക്കാനാണ് ആർ.എസ്.എസ് ലക്ഷ്യം. ഹൈന്ദവ രാഷ്ട്രം സ്ഥാപിക്കാനുള്ള ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും യെച്ചൂരി പറഞ്ഞു.