ഇരിട്ടി : പായം വട്ട്യറ എരുമത്തടത്തിൽ കാറിലെത്തിയ സംഘം സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പിടിവലിക്കിടയിൽ പരിക്കേറ്റ വിദ്യാർത്ഥിനി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വാഗണർ കാറിലെത്തിയ രണ്ടംഗ സംഘം കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ ആയിരുന്നു സംഭവം. സ്‌കൂൾ വിട്ട് നാട്ടുകാരായ മറ്റു വിദ്യാർത്ഥികൾക്കൊപ്പം എരുമത്തടത്തിലെ വീട്ടിലേക്ക് നടന്നുപോകവേ കാറിലെത്തിയ സംഘം കുട്ടികളുടെ മുന്നിൽ കാർ നിർത്തി ഇതിലേക്ക് ബലം പ്രയോഗിച്ച് വലിച്ചു കയറ്റുവാൻ ശ്രമിക്കുകയായിരുന്നു . ഇതോടെ കൂടെ ഉണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ ബഹളം വച്ചതിനെ തുടർന്ന് സമീപ വാസികൾ ഓടിയെത്തിയതോടെ സംഘം അതിവേഗം കാറുമായി കടന്നുകളയുകയായിരുന്നു. ഇതിനിടയിൽ കാറിലുണ്ടായിരുന്നവർ കുട്ടിയുടെ കഴുത്തിന് പിടിച്ച് വലിക്കുകയും മുഖത്തടിക്കുകയും ചെയ്തു. പിടിവലിയിലും മറ്റും കഴുത്തിന് പരിക്കേറ്റ് അവശയായ വിദ്യാർത്ഥിനി രക്ഷിതാക്കൾക്കും നാട്ടുകാർക്കുമൊപ്പം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സതേടി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.