പയ്യന്നൂർ : മതനിരപേക്ഷത , ജനാധിപത്യം എന്നിവയെല്ലാം അട്ടിമറിച്ച് രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. രാജ്യത്തിന്റെ മതതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയാവുന്ന വലതുപക്ഷ ഏകീകരണത്തിനെതിരെയുള്ള ബദൽ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത് ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.രാമന്തളി കുന്നരു കാരന്താട് സി.വി. ധനരാജിന്റെ മൂന്നാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വവും ജനാധിപത്യവും തകർത്ത് രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണ് ബി ജെ പി ശ്രമിക്കുന്നത്.ബി ജെ പി ആർ.എസ്എസിന്റെ ഉപകരണം മാത്രമാണ്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ വിദ്യാഭ്യാസനയം അയുക്തവും അശാസ്ത്രീയവുമാണ്.ഇത് ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് നയിക്കും.
വർഗീയ ശക്തികൾക്ക് ഈ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമാണ് ഉണ്ടായത്. എന്നാൽ കേരളവും തമിഴ്‌നാടും അവർക്ക് കനത്ത തിരിച്ചടി നൽകി. ഒരു എം.എൽ.എക്ക് 100 കോടിയിലേറെ രൂപ വില നിശ്ചയിക്കുന്ന കുതിരക്കച്ചവടമാണ് ബി.ജെ.പി.നടത്തുന്നത്. ഇത് ജനാധിപത്യമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണ.ത്തിൽ മുഴുവൻ ജനതയും അതൃപ്തിയിലായിരുന്നു.പുൽവാമ അക്രമത്തിന്റെ പശ്ചാത്തലത്തിൽ രാജ്യരക്ഷയുടെ പേരു പറഞ്ഞ് എതിർപ്പ് മറികടക്കുകയാണ് ബി.ജെ.പി.ചെയ്തത്. സൈനിക നടപടി പോലും തിരഞ്ഞെടുപ്പിൽ ദുരുപയോഗപ്പെടുത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 27000 കോടിയാണ് ബി.ജെ.പി.ചെലവഴിച്ചത്.ഈ പണം നൽകിയ കുത്തകകൾക്കു വേണ്ടിയാണ് ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്.46 പൊതുമേഖലാ സ്ഥാപനങ്ങളാണ് വില്പനക്ക് വെച്ചത്.
ധനരാജ് സ്മാരക മന്ദിരവും ധനരാജ് സ്തൂപവും സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ടി.ഐ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.പി.കെ.ശ്രീമതി ടീച്ചർ ഫോട്ടോ അനാച്ഛാദനം ചെയ്തു.എം.വി.ജയരാജൻ പതാക ഉയർത്തി. സി. കൃഷ്ണൻ എം.എൽ.എ, വി.നാരായണൻ, പി.സന്തോഷ്, കെ.പി.മധു, പണ്ണേരി രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.കെ.വിജീഷ് സ്വാഗതം പറഞ്ഞു.നേരത്തെ ബഹുജന പ്രകടനവും ഉണ്ടായി. ധനരാജ് രക്തസാക്ഷി സ്തൂപം നിർമ്മിച്ച ശിൽപി ഉണ്ണികാനായിക്ക് സീതാറാം യെച്ചൂരി ഉപഹാരം നൽകി.


കുന്നരു കാരന്താട് ധനരാജ് അനുസ്മരണ സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നു