കണ്ണൂർ: മഴ ചതിച്ചെങ്കിലും കർഷകർ നെൽകൃഷി കൈവിടില്ല. കണ്ണൂരിലെ കാടുമൂടിയ നിലങ്ങൾ ഇനി വയൽപച്ചയുടെ പട്ട് പുതയ്ക്കും. തരിശുനിലങ്ങൾ പൊൻകതിരണിയും. മണ്ണിനോട് മനസ്സുചേർത്ത നെൽകർഷകൻ പ്രതീക്ഷയുടെ കരുത്ത് നേടും. ഓർമയിൽ മറഞ്ഞ ഒരു കാർഷിക സംസ്‌കാരത്തിലേക്ക് തിരിച്ചുനടക്കാനൊരുങ്ങുന്നതിന് തുടക്കം കുറിക്കുന്നത് കണ്ണൂർ ജില്ലാ പഞ്ചായത്താണ്. തരിശുനിലങ്ങളിൽ നെൽകൃഷി വ്യാപനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കതിരണിപ്പാടം പദ്ധതിക്ക് പട്ടുവം അരിയിലിൽ കഴിഞ്ഞ ദിവസം തുടക്കമിട്ടു..ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായുള്ള പദ്ധതി ജില്ലയുടെ കാർഷിക വികസനത്തിന് പ്രധാന ചുവടുവയ്പായി മാറും. അരിയിൽ പാടശേഖരം സമിതിയുടെ അഞ്ച് വർഷത്തിലേറെയായി തരിശായിക്കിടന്ന ഭൂമിയിൽ ഞാറുനട്ടാണ് പദ്ധതി തുടങ്ങിയത്. കൃഷി ചെയ്യാത്തതും കൃഷിക്ക് അനുയോജ്യവുമായി ജില്ലയിലുള്ള 1800 ഹെക്ടർ ഭൂമിയിൽ ഒന്നാം ഘട്ടമായി 1000 ഹെക്ടർ കൃഷി യോഗ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കർഷകന് ഒരു ഹെക്ടറിന് 50,000 രൂപ വരെ നൽകിയാണ് പദ്ധതി നടപ്പാക്കുക.
കരിയുമ്പോഴും കരളുറപ്പോടെ നെൽ കർഷകർ
മഴ കനിയുമെന്ന പ്രതീക്ഷയിൽ രണ്ടാം വിളിയ്‌ക്കായി വിത്തിറക്കിയ നെൽക്കൃഷി പലയിടത്തും കരിഞ്ഞുണങ്ങിയെങ്കിലും കർഷകർ പ്രതീക്ഷ കൈവിടുന്നില്ല.. കരിഞ്ഞുണങ്ങി. ജലസ്രോതസ്സുകളിലെ ജല നിരപ്പു ക്രമാതീതമായി താഴ്ന്നതും നെൽകർഷകരെ സങ്കടക്കണ്ണീരിലാഴ്‌ത്തിയിരുന്നു. മയ്യിൽ, ഇരിക്കൂർ, പടിയൂർ പഞ്ചായത്തുകളിലെ നൂറേക്കറിലധികം വരുന്ന നെൽ കർഷകരാണ് ഇതോടെ ദുരിതത്തിലായത്.വർഷകാലങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ പല കർഷകരും ഒന്നാംവിള കൃഷിയിൽ നിന്ന് വിട്ടു നിന്നിരുന്നു.
കടം വാങ്ങിയിട്ടും മുന്നോട്ട്:
ആവശ്യമായ മഴ ലഭിക്കാതായതോടെ പാടങ്ങൾ വിണ്ടുകീറി കളകൾ കയറി ഇലവാട്ടവും മുഞ്ഞയും അടക്കമുള്ള രോഗങ്ങൾ ബാധിച്ചു തുടങ്ങി.ഇതോടെ വസ്തുവകകൾ പണയപ്പെടുത്തിയും കടം വാങ്ങിയും ബാങ്കുകളിൽ നിന്ന് ലോണെടുത്തും ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയ കർഷകർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.കഴിഞ്ഞ വർഷത്തെ നെൽകൃഷിയിൽ നിന്ന് മികച്ച വിളയും വിലയും ലഭിച്ചിരുന്ന കർഷകർക്ക് ഇത്തവണ വൈക്കോൽ പോലും ലഭിക്കില്ലെന്നാണ് ഇവർ പറയുന്നതെങ്കിലും മുന്നോട്ട് പോകാൻ തന്നെയാണ് ഇവരുടെ തീരുമാനം..