പട്ടുവം: ഈ മണ്ണ് ചോര കൊണ്ട് ചുവപ്പിച്ചതാണെന്നൊക്കെ രാഷ്ട്രീയക്കാർ പറയുമ്പോൾ ഇനിയൊന്ന് പട്ടുവക്കാർ പുഞ്ചിരിക്കും. കിണറിനും ഇലക്ട്രിക് പോസ്റ്റിനും രാഷ്ട്രീയമുള്ള കണ്ണൂരിൽ ഇതും ഇതിലപ്പുറവും കാണും എന്നു പറയാൻ വരട്ടെ... കാരണം, ഇവിടെ ആരും കൈകടത്താതെ നിറം മാറിയൊരു കിണർ ശ്രദ്ധേയമാകുകയാണ്. തളിപ്പറമ്പിനും പട്ടുവത്തിനും ഇടയിലെ കുഞ്ഞിമുറ്റം കവലയിലെ ഈ കിണറിന്റെ ഓരോ ലെയറിലും ചേർന്നുള്ള നിറം ത്രിവർണ്ണമാണ്. മുകളിൽ പച്ച, തൊട്ടുതാഴെ ഓറഞ്ച്, അതിനും താഴെ തൂവെള്ള നിറം. പതിനാറ് കോൽ താഴ്ച വരെ ചെങ്കല്ലും മണ്ണും മാത്രമുള്ള ഭൂമിയിലാണ് ഈ നിറവ്യത്യാസം. ആരും ശ്രദ്ധിച്ചില്ല.. ചിലർ കാമറയിൽ പകർത്താൻ ശ്രമിച്ചപ്പോഴാണ് കിണറിനെ ചുറ്റിപ്പൊതിഞ്ഞ അത്ഭുതം പലരും തിരിച്ചറിഞ്ഞത്..
പ്രധാന റോഡിൽ നിന്ന് മുന്നൂറ് മീറ്ററോളം മാറി പറപ്പൂൽ പാറക്കെട്ടിന്റെ പടിഞ്ഞാറെ ചെരിവിൽ ആൾതാമസം കുറഞ്ഞ സ്ഥലത്താണ് സ്വകാര്യ വ്യക്തി കിണർ കുത്തുന്നത്. 25 കോൽ താഴ്ചയിലെത്തി വെള്ളം ലഭിക്കുമ്പോഴേക്കും തൂവെള്ള നിറമുള്ള ചേടി നിറമാണ് മണ്ണിന്. കാവി നിറത്തിലുള്ള ഓരോ കട്ടയും ഓരോ പാളികളായി അടർത്തി മാറ്രാൻ കഴിയുന്ന രീതിയിലാണ്. പച്ച, വെള്ള നിറങ്ങളിലെ മണ്ണ് ലഡുവിന്റെ ആകൃതിയിലാണ്. ഓരോ പാളികളായി ഇളക്കിയെടുക്കാനും പറ്റുന്നു.
ഭൂമിക്കടിയിലെ മണ്ണിൽ കളിമണ്ണിന്റെ അംശം കൂടും. ഇത്തരം നിറ വ്യത്യാസം സ്വാഭാവികമാണ്. കൂടുതൽ പരിശോധനയ്ക്കു ശേഷമേ ഇതിന്റെ പ്രത്യേകതകൾ പറയാനാകൂ-
കെ.ആർ. ജഗദീഷ്
ജിയോളജിസ്റ്റ്
കണ്ണൂർ