കാസർകോട്: ജില്ല നേരിടുന്ന ജലപ്രതിസന്ധി നേരിട്ടറിയാനും ജലസംരക്ഷണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമായി ജില്ലയിലെത്തിയ കേന്ദ്ര പ്രതിനിധിയും വാണിജ്യ മന്ത്രാലയത്തിലെ ആസിയാൻ ഫോറിൻ ട്രേഡ് ഡയറക്ടറുമായ ഇന്ദു സി. നായർ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുമായി സംവദിച്ചു. ജില്ലയിൽ ജലശക്തി അഭിയാൻ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായായായിരുന്നു സന്ദർശനം.
വർഷങ്ങൾക്ക് മുമ്പ് തന്നെ ബ്ലോക്കിലെ ജലപ്രതിസന്ധി മനസ്സിലാക്കി പരിഹാരക്രിയകൾ ആരംഭിച്ചിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി പറഞ്ഞു. ഫണ്ടിന്റെ അപര്യാപ്തത വിവിധ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നതായും അദ്ദേഹം വിശദമാക്കി.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പ് പ്രതിനിധികൾ ബ്ലോക്കിൽ നടത്തി വരുന്ന ജല സംരക്ഷണ പ്രവർത്തനങ്ങൾ കേന്ദ്രപ്രതിനിധിയോട് വിശദീകരിച്ചു. കിണർ റീച്ചാർജിനായി വിവിധ വകുപ്പുകൾ വ്യത്യസ്ഥമായ രീതികൾ പിന്തുടരുന്നതായി കണ്ടുവരുന്നെന്നും അതിന് ഏകീകൃതമായ ഡിസൈൻ രൂപപ്പെടുത്തുന്നത് അത്യാവശ്യമാണെന്ന് ചർച്ചയിൽ നിർദേശമുയർന്നു. മൺസൂൺ അവസാനിക്കുമ്പോൾ തന്നെ വറ്റിവരളുന്ന മധുവാഹിനിപ്പുഴയിൽ ചെക്ക് ഡാം നിർമ്മിക്കുന്നതിനേക്കാളും ചെറിയ സ്റ്റോപ്പ് ഡാമുകൾ നിർമ്മിക്കുന്നത് അഭികാമ്യമായിരുക്കുമെന്ന് ഫീൽഡ്തല ഉദ്യോഗസ്ഥർ അറിയിച്ചു. ചെങ്കളയിൽ ഉയർന്ന പാറ പ്രദേശങ്ങളിലെ കോളനികളിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പാറകൾ കുഴിച്ച് ജലസംഭരണി നിർമ്മിച്ചാൽ കിണറുകളിൽ വെള്ളം ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ജലശക്തി അഭിയാനുമായി ബന്ധപ്പെട്ട് ജില്ലയിലെത്തുന്ന രണ്ടാമത്തെ കേന്ദ്ര പ്രതിനിധിയാണ് ഇന്ദു സി നായർ. കഴിഞ്ഞയാഴ്ച കേന്ദ്ര പ്രതിനിധി അശോക് കുമാർ സിംഗ് ജില്ലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

ഫോട്ടോ അടിക്കുറിപ്പ്: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജലശക്തി അഭിയാൻ ഏകദിന ശില്പശാല കേന്ദ്ര പ്രതിനിധി വാണിജ്യ മന്ത്രാലയം ആസിയാൻ ഫോറീൻ ട്രേഡ് ഡയറക്ടർ ഇന്ദു സി. നായർ ഉദ്ഘാടനം ചെയ്യുന്നു

13 ഗ്രാമ പഞ്ചായത്തുകളിലായി ഒരേസമയം 3 ലക്ഷം മുളത്തൈകൾ നട്ടുപിടിപ്പിക്കും

ബാംബു ക്യാപിറ്റൽ പദ്ധതി

ഉദ്ഘാടനം ഇന്ന്

കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകളിൽ രൂക്ഷമാകുന്ന ഭൂജലക്ഷാമം പരിഹരിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ബാംബു ക്യാപിറ്റൽ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. കാസർകോടിനെ ദക്ഷിണേന്ത്യയുടെ മുള തലസ്ഥാനമാക്കുന്ന ബാംബു കാപിറ്റൽ പദ്ധതിയുടെ ഉദ്ഘാടനം പുത്തിഗെ ഗ്രാമപഞ്ചായത്തിൽ അംഗഡി മൊഗർ സ്‌കൂളിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും.
കാസർകോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിലുൾപ്പെട്ട 13 ഗ്രാമ പഞ്ചായത്തുകളിലായി ഒരേ സമയത്ത് മൂന്നു ലക്ഷം മുളതൈകൾ വച്ചുപിടിപ്പിക്കാനാണ് ജില്ലാഭരണകുടം ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു.

നിലവിലെ അപകടകരമായ സാഹചര്യത്തിൽ നിന്നും കരകയറുന്നതിനായി ശാസ്ത്രീയമായ ആസൂത്രണത്തോടെ ജലനയം രൂപീകരിക്കുകയും അത് കാര്യക്ഷമമായി പ്രയോഗത്തിൽ വരുത്തുകയും ചെയ്യേണ്ടതുണ്ട്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിവിധ ജലസംരക്ഷണ പദ്ധതികൾ ഏകോപിച്ച് മികച്ച ആസൂത്രണത്തോടെ പൂർണമായ ജനപിന്തുണയോടെ നടപ്പിലാക്കിയാൽ ജലസുരക്ഷ നേടുകയും നിലവിലെ പ്രതിസന്ധി മറികടക്കാനുമാകും.

കേന്ദ്രപ്രതിനിധി ഇന്ദു സി. നായർ