നീളം 1660 മീറ്റർ
ചെലവ് 400 കോടി
കാഞ്ഞങ്ങാട്: നിർദ്ദിഷ്ട കാഞ്ഞങ്ങാട് ഫ്ലൈ ഓവർ പദ്ധതിയുമായി മുമ്പോട്ടു പോകാൻ മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനമായി. ദുർഗ്ഗ ഹയർസെക്കണ്ടറി സ്‌കൂൾ ജംഗ്ഷൻ മുതൽ നഗരസഭ അതിർത്തിയായ പത്മ ക്ലിനിക്ക് വരെയാണ് ഫ്ലൈ ഓവർ. നിലവിലുള്ള റോഡും സർവ്വീസ് റോഡുകളും പദ്ധതിക്ക് മതിയാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 1660 മീറ്ററാണ് ഫ്ലൈ ഓവറിന്റെ നീളം. ഇതിന് 400 കോടിയാണ് ചിലവ് കണക്കാക്കുന്നത്. കിഫ്ബിയിലുൾപ്പെടുത്തിയായിരിക്കും പദ്ധതി നടപ്പിലാക്കുക. മണ്ഡലത്തിൽ 650.47കോടിയുടെ വിവിധ പദ്ധതികളാണ് പരിഗണനയിലുള്ളതെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
ഫ്ലൈ ഓവറുമായി ബന്ധപ്പെട്ട് വ്യാപാര മേഖലയിലുള്ളവർക്കുള്ള ആശങ്ക നീക്കുന്നതിന് ഈ മാസം 18 ന് ചർച്ച നടത്താനും തീരുമാനമായി. സ്മൃതി മണ്ഡപം മുതൽ മിനി സിവിൽസ്റ്റേഷൻ വരെയുള്ള പൈതൃക നഗരം പദ്ധതിയെകുറിച്ചും ടൗൺസ്‌ക്വയറിനെകുറിച്ചുമൊക്കെ യോഗം ചർച്ച ചെയ്തു. മന്ത്രിയെ കൂടാതെ കളക്ടർ ഡോ. ഡി. സജിത്ത് ബാബു, സബ് കലക്ടർ അരുൺ കെ. വിജയൻ, നഗരസഭ ചെയർമാൻ വി.വി രമേശൻ, കൗൺസിലർമാർ, പി.ഡബ്ല്യു.ഡി, ബി.ആർ.ഡി.സി, ഡി.ടി. പി.സി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.