പാനൂർ: ഒരു നേരിയ കാറ്റടിച്ചാൽ പോലും തകർന്നു പോയേക്കാവുന്ന കുടിലിൽ നിന്ന് രമേശും ശോഭയും കുടുംബവും മാസങ്ങൾക്ക് മുമ്പ്‌ കേരളകൗമുദിയോട് ആശങ്കപങ്കുവെച്ചിരുന്നു.' സ്വപ്ന വീട് ഒരുങ്ങും മുമ്പ് കുടിലിൽ നിന്ന് ഇറക്കുമോയെന്ന്.' പാനൂർ നഗരസഭ കൗൺസിലർ ടി.എം ബാബുരാജ് തന്റെ ഒരു മാസത്തെ ഓണറേറിയം രമേശിന്റെ കുടുംബത്തിന് നല്കാൻ എത്തിയപ്പോഴായിരുന്നു അവർ ആശങ്ക പങ്കുവെച്ചത്. എന്നാൽ കുടിലിൽ നിന്ന് ഇറങ്ങേണ്ടി വരും മുമ്പ് തന്നെഇന്ന് ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. രമേശിനും അനുജത്തി ശോഭയ്ക്കും കുടുംബത്തിനുംവീടൊരുങ്ങി.

മമ്പറം ടൗണിൽ ഇന്ന് രാവിലെ 10.30 ന്നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ എം.പി രമേശിനും ശോഭയ്ക്കും സഹപാഠികളുടെയും അദ്ധ്യാപകരുടെയും മറ്റു സുമനസ്സുകളുടെയും കാരുണ്യം കൊണ്ട് നിർമ്മിച്ച സ്‌നേഹ വീടിന്റെ താക്കോൽദാനം നിർവഹിക്കുകയാണ്.പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എൻ പ്രഭാകരൻ വീടിന്റെ രേഖ രമേശിന്റെ കുടുംബത്തിന് കൈമാറും. മാതാപിതാക്കളുടെയും മക്കളുടെയും പേരിലാണ് സ്വത്തിന്റെരേഖ തയാറാക്കിയത്.

മമ്പറം ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന രമേശിന്റെ വീടിന്റെ ദുരിതാവസ്ഥയറിഞ്ഞ അദ്ധ്യാപകരും വിദ്യാർത്ഥികളും 'സഹപാഠിക്കൊരു വീടെന്ന ' ആശയവുമായി അതോടെ മുന്നിട്ടിറങ്ങി. 2018ൽ സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.പി വിനോദൻ ചെയർമാനും ഹരിദാസ് മൊകേരി കൺവീനറും ടി.കെ.അശോകൻ വൈസ്‌ചെയർമാനും വി.സി പ്രദീഷ് ട്രഷററുമായി രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്ന് സ്വരുപിച്ച 2.10 ലക്ഷം രൂപ കൊണ്ട് പെരളശ്ശേരിയിലെ കോട്ടത്ത് സ്ഥലം വാങ്ങിയിരുന്നു. വീടിന്റെ നിർമ്മാണ പ്രവർത്തനവുമായി കമ്മിറ്റി മുന്നോട്ട്‌ പോകുന്നതിനിടെയാണ്കണ്ണൂർ വിമാനത്താവള റോഡ് വീതി കൂട്ടുന്നതോടെ ഇവർ താമസിക്കുന്ന കുടിലിൽ നിന്ന് നിർബന്ധമായും ഒഴിയേണ്ടി വരുമെന്ന വിവരം ലഭിക്കുന്നത്.

ജലവിതരണ പൈപ്പ് ലൈൻ പോകുന്ന സ്ഥലത്ത് കുടിൽ കെട്ടി കഴിയുകയായിരുന്നു കർണ്ണാടക സ്വദേശികളും തെരുവു സർക്കസ് കലാകാരന്മാരുമായ രമേശിന്റേതടക്കമുള്ള മൂന്നു കുടുംബങ്ങൾ. ടാർപോളിനും തകരഷീറ്റും കൊണ്ട് മറച്ച കുടിലുകളിലാണ് രമേശിന്റെ മാതാപിതാക്കളായ വാസു ലളിത ദമ്പതികളും മക്കളായ പല്ലവി, ശിവ, ശോഭ എന്നിവരും മറ്റു മൂന്ന് കുടുംബങ്ങളും കഴിഞ്ഞിരുന്നത്. പല്ലവിയുടെ വിവാഹം നാട്ടുകാരുടെ സഹായത്താൽ മാസങ്ങൾക്ക് മുമ്പാണ് നടന്നത്.

ആറരലക്ഷം രൂപയോളം സമാഹരിച്ചാണ് സഹപാഠിക്കൊരു വീട് എന്ന 'സ്‌നേഹ വീടിന്റെ ' നിർമ്മാണം പൂർത്തിയാക്കിയത്. 477 ചതുരശ്ര അടിയുള്ള വീടിന് രണ്ട് കിടപ്പുമുറികൾ, ഒരു ഹാൾ, അടുക്കള, ശൗചാലയം എന്നിവയുണ്ട്'.