ഒക്ടോബർ ഒന്നിനകം പൂർത്തിയാക്കും
30ലേറെ നിരീക്ഷണ കാമറകൾ
അമിത വേഗതയ്ക്ക് പിഴയീടാക്കും
ചരക്കു ലോറികൾക്ക് നിയന്ത്രണം

കണ്ണൂർ: പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് അപകടരഹിത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള റോഡ് സേഫ്റ്റി അതോറിറ്റി നടപ്പിലാക്കുന്ന ഇടനാഴി പദ്ധതി ഒക്ടോബർ ഒന്നിനകം പൂർത്തിയാക്കും. ടി.വി രാജേഷ് എം.എൽ.എ മുൻകൈയെടുത്ത് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം.
കെ.എസ്.ടി.പി റോഡിൽ അപകടങ്ങൾ തടയാൻ നാറ്റ്പാക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 1.84 കോടിയുടെ സമഗ്ര റോഡ് സുരക്ഷാ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഈ റോഡിൽ കഴിഞ്ഞ ഒരു വർഷം നടന്ന അപകടങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തിയാണ് സംസ്ഥാന സർക്കാർ ഏജൻസിയായ നാറ്റ്പാക് സമഗ്ര റോഡ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്. അപകടങ്ങൾ ഇല്ലാതാക്കുന്നതിനുള്ള സുരക്ഷാ നടപടികൾക്കൊപ്പം റോഡ് സുരക്ഷാ ബോധവൽക്കരണവും നിയമലംഘകർക്കെതിരെ ശക്തമായ നടപടികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്നും എം.എൽ.എ പറഞ്ഞു.
റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ കലക്ടർ ടി വി സുഭാഷ് കർശന നിർദ്ദേശം നൽകി. തട്ടുകടകൾ, പഴം, മൽസ്യ കച്ചവടങ്ങൾ തുടങ്ങി എല്ലാ അനധികൃത കൈയേറ്റങ്ങളും പൂർണമായും ഒഴിപ്പിക്കും.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി റോഡ് അരികുകളിലെ അലക്ഷ്യമായ പാർക്കിംഗിന് അറുതി വരുത്തും. ആവശ്യമായ ഇടങ്ങളിൽ ബസ് ബേകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും സ്ഥാപിക്കും. സ്‌കൂളുകളിൽ നിന്ന് കുട്ടികൾ നേരെ റോഡിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാൻ ഇവിടങ്ങളിൽ കൈവരികൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരും ആർ.ടി.ഒ എം.പി സുഭാഷ് ബാബു, പൊതുമരാമത്ത് വകുപ്പ് വിവിധ വിഭാഗം ഉദ്യോഗസ്ഥർ, കെഎസ്ടിപി, നാറ്റ്പാക്ക്, പൊലീസ്, ഗതാഗതം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

എ.എൻ.പി.ആർ കാമറകൾ
21 കിലോമീറ്റർ വരുന്ന റോഡിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്, വേഗത എന്നിവ പകർത്തുന്ന എ.എൻ.പി.ആർ കാമറകൾക്കു പുറമെ, 30ലേറെ സ്ഥലങ്ങളിൽ നിരീക്ഷണ കാമറകളും സ്ഥാപിക്കും. പിലാത്തറ ജംഗ്ഷൻ, പഴയങ്ങാടി പാലം, കണ്ണപുരം പോലിസ് സ്‌റ്റേഷൻ, പാപ്പിനിശ്ശേരി ജംഗ്ഷൻ, പുന്നച്ചേരി, ഹനുമാനമ്പലം ജംഗ്ഷൻ, എരിപുരം പോലിസ് സ്‌റ്റേഷൻ, യോഗശാല റോഡ്, പുതിയ കാവ് എന്നിവിടങ്ങളിലാണ് വാഹനങ്ങളുടെ വേഗതയും നമ്പർ പ്ലേറ്റും ഹെൽമറ്റ് ഉപയോഗവും കണ്ടെത്തുന്ന എഎൻപിആർ (ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ) കാമറകൾ സ്ഥാപിക്കുക. മറ്റിടങ്ങളിൽ റോഡിന്റെ എല്ലാ വശങ്ങളും പരിസരങ്ങളും പകർത്താൻ ശേഷിയുള്ള 26 പിടിഎസ് (പാൻടിൽറ്റ്‌സൂം) കാമറകളും നാല് ബുള്ളറ്റ് കാമറകളും സ്ഥാപിക്കും.
ഈ കാമറകളിലെ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനും നിയമലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുമായി കണ്ണപുരം പൊലീസ് സ്‌റ്റേഷനിൽ സെൻട്രൽ മോണിറ്ററിംഗ് സംവിധാനം ഒരുക്കും.


പ്രാദേശിക ട്രോമകെയർ വളണ്ടിയർ സംഘങ്ങൾ
പിലാത്തറ-പാപ്പിനിശ്ശേരി റോഡ് അപകടരഹിത ഇടനാഴി ആക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ വിപുലമായ ബോധവൽക്കരണ, പരിശീലന പരിപാടികൾ സംഘടിപ്പിക്കും. റോഡപകടങ്ങൾ തടയുന്നതിനായി സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചുള്ള ബോധവൽക്കരണവും അപകടങ്ങളുണ്ടായാൽ പ്രഥമശുശ്രൂഷയടക്കമുള്ള അടിയന്തര കാര്യങ്ങൾ നിർവഹിക്കുന്നതിനായി പ്രാദേശികമായി ട്രോമകെയർ വളണ്ടിയർ സംഘങ്ങൾ ഉണ്ടാക്കുകയുമാണ് ലക്ഷ്യം.
പൊലീസ്, ഗതാഗത വകുപ്പ്, ആരോഗ്യ വകുപ്പ്, പരിയാരം മെഡിക്കൽകോളേജ് എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും ട്രോമകെയർ വളണ്ടിയർ സംഘങ്ങൾ ഉണ്ടാക്കുക. വാഹനാപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിന് ഉപയോഗിക്കാൻ സ്പിൻബെഡ്, സ്ട്രച്ചർ, നെക്ക് കോളർ, പ്രഥമശുശ്രൂഷ സംവിധാനം എന്നിവ ഈ മേഖലയിലെ നാല് പൊലീസ് സ്‌റ്റേഷനുകളിലും സജ്ജീകരിക്കും. ഇവ കൈകാര്യം ചെയ്യാൻ പൊലീസിന് പ്രത്യേക പരിശീലനവും നൽകും.