കണ്ണൂർ: മത്സ്യത്തിന്റെ വില പേടിച്ച് പച്ചക്കറി ചന്തയിൽ ചെന്നാൽ അവിടെയും രക്ഷയില്ല. പൊള്ളിക്കുന്ന വിലയിൽ നടുവൊടിയുകയാണ് സാധാരണക്കാർ.ഇന്ധന, വൈദ്യുതി വിലവർധനയും നൽകിയ ഇരുട്ടടിക്ക് പിന്നാലെയാണ് പച്ചക്കറി വിലയും. ഒരുമാസത്തിനിടെ ഇരട്ടിയോളമായാണ് പച്ചക്കറികളുടെ വില വർധിച്ചത്.
പച്ചക്കറി വരവ് കുറയുന്നു
മഴ ലഭിക്കാത്തതുമൂലം ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിനു കാരണം. കാലാവസ്ഥാവ്യതിയാനം മൂലം തമിഴ്‌നാട്ടിലും ആന്ധ്രയിലും പച്ചക്കറി ഉത്പാദനം കുറഞ്ഞു. മഴ ലഭ്യത കുറഞ്ഞതിനാൽ ജലക്ഷാമം നേരിട്ടതാണ് തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറയാൻ കാരണം. ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്ന പച്ചക്കറിയുടെ വിലയും വർദ്ധിച്ചു. നാടൻ പച്ചക്കറിയുടെ വിലയും അധികമാണ്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 10 മുതൽ 100 ശതമാനം വരെയാണ് പച്ചക്കറി വില വർധിച്ചത്. പൊള്ളാച്ചി, കോയമ്പത്തൂർ, മേട്ടുപ്പാളയം, ഉദുമൽ പേട്ട എന്നിവിടങ്ങളിലാണ് തമിഴ്‌നാട്ടിൽ പ്രധാനമായും തക്കാളി കൃഷി ചെയ്യുന്നത്. സാധാരണക്കാർ ചെറുകിട കച്ചവടക്കാരെ സമീപിക്കുന്നത് 50 രൂപയ്ക്ക് സാമ്പാറിനും അവിയലിനുമൊക്കെയുള്ള കിറ്റുകൾ വാങ്ങാനാണ്. എന്നാൽ ഉയർന്ന വിലക്ക് പച്ചക്കറികൾ വാങ്ങി ഇത്തരം കിറ്റുകൾ നൽകാൻ കഴിയാതെ വന്നതോടെ വഴിയോര ചെറുകിട കച്ചവടക്കാർ വില്പന നിർത്തിയ അവസ്ഥയിലാണ്.
നാടൻ പച്ചക്കറികളുടെ വിലയും വർധിച്ചതായാണ് വ്യാപാരികൾ പറയുന്നത്. ചിലയിനം പച്ചക്കറികളുടെ ലോഡുകൾ കൂടുതലായി എത്തിയിട്ടും നിലവിലെ വിലയിൽ കുറവ് വരുത്താൻ ഏജൻസികൾ തയ്യാറായിട്ടില്ല. പച്ചക്കറി വിലകയറ്റത്തിന്റെ മറവിൽ പഴവർഗങ്ങളുടെ വില ഉയർത്തുന്നതായും പരാതിയുണ്ട്. നിലവിലെ വിലവർധന ഓണക്കാലം വരെ തുടരുമെന്നാണ് വിലയിരുത്തൽ. വില നിയന്ത്രണത്തിന് സർക്കാർ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താതും ഉപഭോക്താക്കളെ പിഴിയുന്നതിന് കാരണമാകുന്നു
തക്കാളി 30 രൂപ
ഇഞ്ചി 190
മാങ്ങ 50
ചെറുനാരങ്ങ 80
ചെറിയ ഉള്ളി 60
സവാള 30
പച്ചമുളക് 40
ഉരുളക്കിഴങ്ങ് 40
ബീൻസ് 40
നേന്ത്രക്കായ 50
പറയുന്നത് തമിഴ്നാട്ടിലെ വരൾച്ച
തമിഴ്‌നാട്ടിൽ വരൾച്ച കനത്തതോടെ കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവിൽ കുറവ് വന്നതായാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. പ്രാദേശികമായി കൃഷി ചെയ്തിരുന്ന പച്ചക്കറി വിളകളെയും വരൾച്ച കാര്യമായി ബാധിച്ചു. പച്ചക്കറിക്ക് മാത്രമല്ല മറ്റ് പഴവർഗങ്ങൾക്കും വില കുതിച്ചുയരുകയാണ്. എന്നാൽ, ഭക്ഷ്യ വില നിയന്ത്രിക്കാൻ സർക്കാറിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടികളും ഇതുവരെയുണ്ടായിട്ടില്ല. തമിഴ്‌നാട്ടിൽ വരൾച്ച കനക്കുന്ന സാഹചര്യത്തിൽ പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് ഇനിയും വില ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം, തമിഴ്‌നാട്ടിലെ വരൾച്ചയാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അവിടെ ഇവിടുത്തേക്കാൾ കുറഞ്ഞ വിലയ്ക്കാണ് പച്ചക്കറി ലഭിക്കുന്നത്.