കണ്ണൂർ: തീൻമേശയിൽ സ്വാദൂറും ഭക്ഷണം വിളമ്പാൻ ഇനിയിതാ റോബോട്ടുകളും! വ്യാപാരം പൊടിപൊടിക്കാൻ സാങ്കേതികവിദ്യയെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കുകയാണ് കണ്ണൂർ എസ്.എൻ. പാർക്ക് റോഡിന് സമീപം ആരംഭിക്കുന്ന 'ബീ അറ്റ് കിവീസോ" റസ്‌റ്റോറന്റ്. ഇവിടെയെത്തുന്നവർക്കു ഭക്ഷണം വിളമ്പിത്തരുക റോബോട്ടുകൾ ആയിരിക്കുമെന്ന് ഹോട്ടൽ പാർട്ണർമാരായ സി.വി. നിസാമുദ്ദീൻ, ചലച്ചിത്രതാരം മണിയൻപിള്ള രാജു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ ആദ്യ റസ്‌റ്റോറന്റാണ് 'ബീ അറ്റ് കിവീസോ". ഇന്ന് മണിയൻപിള്ള രാജു റസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്യും. സെൻസറിന്റെ സിഗ്‌നൽ അറിഞ്ഞ് റോബോട്ടുകളായ 'ജയിനും അലീനയും" ഭക്ഷണം വിളമ്പും. ചൈനയിൽ നിന്നെത്തിച്ച് ഇന്ത്യയിൽ അസംബിൾ ചെയ്‌ത മൂന്ന് റോബോട്ടുകളാണ് ഇവിടെയുള്ളത്. ഹോട്ടലിലെത്തുന്ന കുട്ടികൾക്ക് വിനോദത്തിനായി ഒരു കുട്ടി റോബോട്ടുകൂടി ഉടനെത്തും.
അടുക്കളയിൽ നിന്ന് റോബോട്ടിന്റെ കൈയിൽ കൊടുത്തുവിടുന്ന ഭക്ഷണം കൃത്യമായി ടേബിളിലെത്തും. വളപട്ടണം സ്വദേശിയും സിവിൽ എൻജിനിയറുമായ സി. വി നിസാമുദ്ദീനൊപ്പം ഭാര്യ സജ്മ, ഐ.ടി എൻജിനിയർ പള്ളിക്കുന്ന് സ്വദേശി എം.കെ. വിനീത് എന്നിവരാണ് പുത്തൻ ആശയത്തിനു പ്രായോഗിക രൂപം നൽകിയത്. കിവീസോ എന്ന പേരിൽ ഡിസൈൻ ചെയ്‌ത ഫുഡ് ടെക്‌നോളജി ആപ്ലിക്കേഷന്റെ പുതിയ പദ്ധതിയാണിത്.
കണ്ണൂരുകാർ മാത്രമല്ല, സംസ്ഥാനത്തിന്റെ പലയിടത്തുനിന്നും റോബോട്ടിന്റെ വിരുന്നൂട്ടൽ കൊതിച്ച് നിരവധിപേർ എത്തുമെന്നാണ് പാർട്‌ണർമാരുടെ പ്രതീക്ഷ. റോബോട്ട് വിളമ്പുന്നുണ്ടെന്ന് കരുതി ഭക്ഷണത്തിന് വിലക്കൂടുതലില്ല! ഇന്ത്യൻ ഭക്ഷണങ്ങൾക്ക് പുറമെ ചൈനീസ്, അറേബ്യൻ വിഭവങ്ങളും ലഭ്യമാണ്.
ഇന്ത്യയിലെ ആദ്യ റോബോട്ട് ജോലി ചെയ്യുന്ന സ്ഥാപനം ചെന്നൈയിലെ മോമോ റസ്‌റ്റോറന്റാണ്. ചൈനീസ് റോബോട്ടുകളാണ് ഇവിടെയുമുള്ളത്. ഓരോ ടേബിളിലും ഒരു ടാബ്‌ലറ്റുണ്ടാവും. ഉപഭോക്താക്കൾ അവർക്കാവശ്യമായ വിഭവങ്ങൾ ഐപാഡ് വഴി ഓർഡർ ചെയ്യണം. അല്പസമയത്തിനകം, തയ്യാറായ ഭക്ഷണം റോബോട്ടുകൾ ടേബിളിലെത്തിക്കും. ജപ്പാനിലും ബംഗ്ലാദേശിലും പാശ്ചാത്യരാജ്യങ്ങളിലും റസ്‌റ്റോറന്റുകളിൽ ഇത്തരത്തിൽ റോബോട്ടുകൾ ജോലി ചെയ്യുന്നുണ്ട്.