മാഹി: പുതുച്ചേരി ഭരണത്തിൽ ലെഫ്. ഗവർണർ തനിയെ തീരുമാനമെടുക്കരുതെന്നും മന്ത്രിസഭാ തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നുമുള്ള ചെന്നൈ ഹൈക്കോടതി വിധിയിൽ തങ്ങൾ ഇടപെടില്ലെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിധി റദ്ദ് ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ലെഫ് ഗവർണർ കിരൺബേദിയും നൽകിയ ഹർജി തള്ളിയാണ് ബെഞ്ച് ഇക്കാര്യം പറഞ്ഞത്. ഹൈക്കോടതിയിൽ റിവ്യു ഹർജി നൽകാതെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെ സുപ്രീം കോടതി വിമർശിച്ചു. ആവശ്യമെങ്കിൽ ഹൈക്കോടതിയിൽ റിവ്യു ഹർജി നൽകാമെന്നും സുപ്രീം കോടതി അറിയിച്ചു. ഭരണ കാര്യങ്ങളിൽ മന്ത്രിമാരോടാലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ലെഫ് ഗവർണർ പ്രവർത്തിക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറി ലക്ഷ്മീ നാരായണൻ എം.എൽ.എ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. സുപ്രീം കോടതിയിൽ മുഖ്യമന്ത്രിയും കക്ഷി ചേർന്നിരുന്നു. കോൺഗ്രസ് നേതാവ് കപിൽ സിബലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വേണ്ടി സുപ്രീം കോടതിയിൽ വാദിച്ചത്.