കാസർകോട്: നിയമവും ഭരണഘടനയും മുറുകെ പിടിച്ചുകൊണ്ടാവണം പൊലീസ് ഓഫീസർമാർ ജോലി ചെയ്യേണ്ടതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 31-ാമത് കാസർകോട് ജില്ലാ സമ്മേളനം മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പോകാൻ നമുക്ക് കഴിയണം. സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ടു നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ കുടുക്കിലാകുമ്പോൾ സഹായിക്കാനും സംരക്ഷിക്കാനും വിളിച്ചുപറഞ്ഞവർ ആരും കാണില്ലെന്നും അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയാകുമെന്നും അദ്ദേഹം പൊലീസ് ഓഫീസർമാരെ ഓർമ്മിപ്പിച്ചു. ശരിയും തെറ്റും തിരിച്ചറിഞ്ഞു പക്ഷപാതരഹിതമായി ജോലി ചെയ്യുന്ന പൊലീസ് ഓഫീസർമാർക്ക് പൊതുസമൂഹം വലിയ അംഗീകാരം നൽകും. ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം സുദൃഢമാക്കണം. കേരള പൊലീസിന് ഇന്ന് രാജ്യത്ത് ഉയർന്ന നിലവാരമുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, അഡീഷണൽ എസ്.പി പി.ബി പ്രശോഭ്, എ.എസ്.പി ഡി. ശില്പ, ഡിവൈ.എസ്.പിമാരായ പി. കെ സുധാകരൻ, ഹരിശ്ചന്ദ്ര നായക്ക് , അസി. കമാൻഡന്റ് കെ.കെ പ്രേംകുമാർ, പൊലീസ് സഹകരണ സംഘം പ്രസിഡന്റ് സുരേഷ് മുരിക്കോളി, പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി. ഗിരീഷ് ബാബു, പി.രവീന്ദ്രൻ, കെ.പി ഭാസ്‌കരൻ, പി.വി സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ പി. അജിത് കുമാർ സ്വാഗതവും ജനറൽ കൺവീനർ എൻ.കെ സതീഷ് കുമാർ നന്ദിയും പറഞ്ഞു.

പടം ..കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

മന്ത്രിക്ക് നിവേദനം തന്നാലും വില്ലേജ് ഓഫീസിൽ 'തള്ള്' വേണം
മന്ത്രിക്ക് നിവേദനം നൽകിയാലും അത് നടപ്പിലാക്കണമെങ്കിൽ ഏറ്റവും താഴെത്തട്ടിലുള്ള വില്ലേജ് ഓഫീസിൽ ഒരു 'തള്ള് ' വേണ്ടിവരുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. ചട്ടഞ്ചാലിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മേൽപറമ്പ് പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം പണിയുന്നതിന് അടുത്തുള്ള 50 സെന്റ് സ്ഥലം അനുവദിച്ചു തരണമെന്ന് അഭ്യർത്ഥിച്ചു ജില്ലാ സെക്രട്ടറി പി.പി മഹേഷ് നിവേദനം നൽകിയപ്പോഴാണ് മന്ത്രി ചന്ദ്രശേഖരൻ ഇങ്ങനെ പ്രതികരിച്ചത്.

നേരത്തെ നൽകിയ നിവേദനം ആറുമാസമായി തെക്കിൽ വില്ലേജ് ഓഫീസിൽ കെട്ടികിടക്കുകയാണെന്ന് മഹേഷ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തള്ള് നൽകിയില്ലെങ്കിൽ ഇപ്പോൾ തന്ന നിവേദനത്തിന്റെ ഗതിയും അവിടെ കിടക്കലാകും എന്നും അദ്ദേഹം പറയുകയുണ്ടായി.