തലശ്ശേരി: മേലൂട്ട് മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിനടുത്തെ ഇടറോഡിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് 76 തങ്കക്കട്ടികൾ പിടിച്ചുപറിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. കൂത്തുപറമ്പ് പാലാപറമ്പ് സ്വദേശി കൈലാസത്തിൽ സോനു (32), തൊക്കിലങ്ങാടിയിലെ വി.കെ. രഞ്ജിത്ത് (35), പൂക്കോട് സ്വദേശി ജസീല മൻസിലിൽ ടി. അഫ്‌സൽ (36) എന്നിവരെയാണ് തലശ്ശേരി ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കവർച്ച ചെയ്ത തങ്കക്കട്ടികളും കൃത്യത്തിന് ഉപയോഗിച്ച ബൈക്കും പ്രതികളിൽ നിന്ന് കണ്ടെടുത്തു. കൂത്തുപറമ്പ് ശങ്കരനെല്ലൂർ സ്വദേശിയായ റമീസ് പിടിയിലാകാനുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
തലശ്ശേരി എ.വി.കെ നായർ റോഡിൽ പോളി ലാബിനടുത്ത് സോന ജുവലറി നടത്തുന്ന മഹാരാഷ്ട്ര സ്വദേശി ശ്രീകാന്ത് കദമാണ് കഴിഞ്ഞ ശനിയാഴ്ച കവർച്ചക്കിരയായത്. 562 ഗ്രാം തൂക്കം വരുന്ന തങ്കക്കട്ടികളുമായി താമസ സ്ഥലത്തു നിന്ന് സ്‌കൂട്ടറിൽ ജുവലറിയിലേക്ക് പോകുമ്പോൾ ബൈക്കിടിച്ചു വീഴ്ത്തിയാണ് കൊള്ളയടിച്ചത്. പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച തങ്കക്കട്ടികളും മൊബൈൽ ഫോണും ബലമായി കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
സി.സി ടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് പിടിവള്ളിയായത്. കവർച്ചയ്ക്ക് മുമ്പ് പ്രതികളിലൊരാൾ ആഭരണ വ്യാപാരിയുടെ വീടും പരിസരവും നിരീക്ഷിക്കുന്നതും കവർച്ചയ്‌ക്ക് ശേഷം ഇയാൾ ഉൾപ്പെടെ മൂന്ന് പേർ ബൈക്കിൽ മറ്റൊരു റോഡിലൂടെ പോകുന്നതും സി.സി ടിവിയിൽ പതിഞ്ഞിരുന്നു.