മേൽപ്പാലത്തിന് ചെലവിട്ടത് 22 കോടി

തുറന്നുകൊടുത്തത് 2014 ആഗസ്റ്റ് 26ന്

ചെറുവത്തൂർ: അഞ്ചു വർഷങ്ങൾക്ക് മുമ്പ് നാടിനുതുറന്നു കൊടുത്ത ചെറുവത്തൂർ റെയിൽവേ റോഡ് മേൽപാലത്തിൽ വിള്ളൽ. നേരത്തെ ഒരു നേരിയപൊട്ടൽ ഉണ്ടായത് ഇന്നിപ്പോൾ രണ്ടു മീറ്ററോളം ദൈർഘ്യത്തിലായിട്ടുണ്ട്. മാത്രമല്ല പരിസരങ്ങളിലേക്ക് വിള്ളൽ വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്.

പാലത്തിന്റെ കിഴക്കുഭാഗത്തെ അപ്രോച്ച് റോഡ് ചേരുന്ന ഭാഗത്തിനുതൊട്ട് പാലത്തിന്റെ ആദ്യ ഫില്ലറിന്റെ മുകൾഭാഗത്തായിട്ടാണ് കോൺക്രീറ്റ് തകർന്നു വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. എൻജിനീറിംഗ് വിഭാഗം ശാസ്ത്രീയമായ പരിശോധന നടത്തിയാലേ പാലത്തിന്റെ വിള്ളൽ എത്രത്തോളം ഗുരുതരമെന്ന് കണ്ടെത്താൻ കഴിയൂ.

ചെറുവത്തൂരിന്റെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാനായാണ് കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ 22 കോടിയോളം രൂപ ചെലവിൽ
മേൽപ്പാലം പണിതത്. ഇവിടെ നിലവിലുണ്ടായിരുന്ന റെയിൽവേ ഗേറ്റ് ദീർഘസമയത്തേക്ക് അടച്ചിടേണ്ടി വരുന്നത് രോഗികളടക്കമുള്ള യാത്രക്കാരുടെ ദുരിതം വർദ്ധിച്ചപ്പോഴാണ് ചെറുവത്തൂർ ഗ്രാമപഞ്ചായത്തും റെയിൽവേ വികസന സമിതിയും നാട്ടുകാരുമൊക്കെ കൈകോർത്ത് പാലത്തിനായി മുന്നിട്ടിറങ്ങിയത്. 2014 ആഗസ്റ്റ് 26ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പാലം നാടിന് സമർപ്പിച്ചത്.

നേരത്തെ ഒരു ചെറിയ വിള്ളൽ മാത്രമാണുണ്ടായിരുന്നത്. ദിവസം കഴിയുന്തോറും വിള്ളൽ കുടിക്കൊണ്ടുവരികയാണ്

ബൈക്ക് യാത്രക്കാരൻ പടന്ന സ്വദേശി കെ.പി.അബ്ദുൾ റഹിമാൻ