ചെറുവത്തൂർ: കാര്യങ്കോട് പുഴയിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങി മരിച്ചു. കിഴക്കേമുറി അച്ചാംതുരുത്തി നടപ്പാലത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയ തുരുത്തി എരിഞ്ഞിക്കീലിലെ കെ.വി. രാഹുൽ (16) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ രാഹുൽ അബദ്ധത്തിൽ പുഴയിലെ കുഴിയുള്ള ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് സമീപത്തുണ്ടായ നാട്ടുകാരിൽ ചിലർ പുഴയിൽ പുഴയിൽ ചാടി രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ അഗ്നിശമന സേനയും നാട്ടുകാരും, ചന്തേര പൊലീസും നടത്തിയ തെരച്ചിലിലാണ് ഒരു മണിക്കൂറിന് ശേഷം രാഹുലിനെ പുഴയിൽ നിന്ന് കണ്ടെടുത്തത്. തുടർന്ന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും കണ്ണൂർ ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ദില്ലിയിൽ ഹോട്ടൽ വ്യാപാരിയായ കെ.വി. രാജീവൻ സുജന ദമ്പതികളുടെ മകനാണ്. സഹോദരൻ: ഋതുരാജ്.