നിർത്തിയിട്ട ലോറിയിൽ നിന്നും ഊറ്റിയത് 300 ലിറ്റർ ഡീസൽ
കാസർകോട്: ചെറിയ ഇടവേളയ്ക്കു ശേഷം ഹൈവേ കള്ളന്മാർ ജില്ലയിൽ വീണ്ടും തലപൊക്കുന്നു. ദേശീയ പാത കേന്ദ്രീകരിച്ചുള്ള കവർച്ച സംഘം മുൻകാലങ്ങളിൽ യാത്രക്കാരുടെ പേടി സ്വപ്നമായിരുന്നു. പൊലീസ് പട്രോളിംഗ് ശക്തമാക്കുകയും ഏതാനും ചില കള്ളന്മാർ പിടിയിലാവുകയും ചെയ്തതോടെ കവർച്ചകൾ നിലച്ചിരുന്നു.
ചെറുവത്തൂർ. മട്ടിലായി, കണ്ടോത്ത് എന്നിവിടങ്ങളിൽ നിന്ന് പുത്തൻ ലോറികളുടെ ചെയ്‌സിന്റെ ടയറുകൾ അടിച്ചു മാറ്റിയതിന് പിറകെ കഴിഞ്ഞദിവസം മഞ്ചേശ്വരം ചെക്ക് പോസ്റ്റിനു സമീപം നിർത്തിയിട്ട ലോറിയുടെ ഡീസലും ഊറ്റി. മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കഴിഞ്ഞ് വിശ്രമിക്കുവാൻ വേണ്ടി നിർത്തിയിട്ടപ്പോഴാണ് അന്യസംസ്ഥാനത്തുനിന്നുമുള്ള ലോറിയിൽ നിന്നും ഡീസൽ മോഷണം പോയത്. ഇത് അറിയാതെ യാത്ര തുടർന്ന വണ്ടി ചെറുവത്തൂർ ഞാണങ്കൈ എത്തുമ്പോഴേക്കും ഓഫായി. ഡീസൽ ടാങ്ക് പരിശോധിച്ചപ്പോഴാണ് 300 ലിറ്റർ ഡീസൽ മോഷണം പോയത് അറിയുന്നത്. മംഗലാപുരത്തു നിന്നും പത്തനംതിട്ട റാന്നിയിലേക്ക് ലോഡുമായി യാത്ര പോകുന്ന കെ എൽ 12 ഡി 4961 നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നാണ് ഡീസൽ മോഷണം പോയത്.
ചെറുവത്തൂരിൽ കവർന്നത്
2 ലക്ഷത്തിന്റെ ടയറുകൾ
ചെറുവത്തൂരിൽ രണ്ട് ലക്ഷം രൂപ വിലവരുന്ന പുത്തൻ ടയറുകൾ ആണ് അഴിച്ചെടുത്തു കടത്തിയത്. ഇതുസംബന്ധിച്ച് ചന്തേര പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ആണ് ഡീസൽ മോഷണവും നടന്നത്. കാസർകോട് കറന്തക്കാട് കേന്ദ്രീകരിച്ചു വാഹന യാത്രക്കാരെ തടഞ്ഞുനിർത്തി പണം തട്ടുന്ന സംഘവും പ്രവർത്തിക്കുന്നുണ്ട്. മംഗളുരു വിമാനത്താവളത്തിൽ പോകുന്ന യാത്രക്കാരെ തടഞ്ഞു കൊള്ളയടിക്കാൻ ശ്രമിച്ചതിന് കാസർകോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചട്ടഞ്ചാൽ തെക്കിൽ വളവ് കേന്ദ്രീകരിച്ചു രാത്രി സർവീസ് നടത്തുകയോ നിർത്തിയിടുകയോ ചെയ്യുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ മുകളിൽ ചാടി കയറി ടാർപോളിൻ നീക്കി മലഞ്ചരക്കും മറ്റു സാധനങ്ങളും കവരുന്ന സംഘവും ദേശീയ പാതയിൽ ഉണ്ടായിരുന്നു.